ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാമത്തെ പകുതി ആരംഭിച്ചതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യവിജയം നേടിയത് കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെയായിരുന്നു. അതിനു മുൻപ് നടന്ന മൂന്നു മത്സരങ്ങളിലും തോൽവി വഴങ്ങിയ ടീമിന്റെ കിരീടസാധ്യതകൾ അസ്‌തമിക്കാറായെന്ന ഘട്ടത്തിൽ നേടിയ മികച്ച വിജയം വലിയ പ്രതീക്ഷകൾ നൽകുന്നതിനൊപ്പം കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിട്ടുമുണ്ട്.
എഫ്‌സി ഗോവക്കെതിരെ സ്വന്തം മൈതാനത്ത് രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ഈ വിജയത്തിനൊപ്പം ശ്രദ്ധിക്കപ്പെടുന്നത് ബ്ലാസ്റ്റേഴ്‌സ് മധ്യനിരതാരം വിബിൻ മോഹനന്റെ പ്രകടനം കൂടിയാണ്. പരിക്കിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം താരം കളിക്കുന്ന ആദ്യത്തെ മത്സരമായിരുന്നു ഗോവക്കെതിരെയുള്ളത്.
Our architect in the midfield! 🔥 #KBFC #KeralaBlasters pic.twitter.com/58VtJvesqH
— Kerala Blasters FC (@KeralaBlasters) February 28, 2024
മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം ടീമിന്റെ വിന്നിങ് ഫാക്റ്ററായി മാറുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇതിനു മുൻപ് വിബിൻ മോഹൻ അവസാനമായി കളത്തിലിറങ്ങിയത് മുംബൈ സിറ്റിക്കെതിരെയാണ്. അതിനു ശേഷം താരമില്ലാതെ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ടീം തോൽവി വഴങ്ങിയിരുന്നു.
ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള വിബിൻ അതിനെ വെല്ലുന്ന പ്രതിഭയാണ് പുറത്തെടുക്കുന്നത്. പന്ത് ഹോൾഡ് ചെയ്യാനും കൃത്യമായ സമയത്ത് റിലീസ് ചെയ്യാനുമുള്ള താരത്തിന്റെ കഴിവ് വളരെയധികം പ്രശംസ അർഹിക്കുന്നു. തന്റെ ശൈലിയുപയോഗിച്ച് ടീമിനെ നിയന്ത്രിക്കാൻ കഴിവുള്ള താരത്തിന്റെ തിരിച്ചുവരവിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം സ്വന്തമാക്കി ആത്മവിശ്വാസം വീണ്ടെടുത്തു.
കഴിഞ്ഞ മത്സരത്തിൽ ഏതാണ്ട് തൊണ്ണൂറു ശതമാനം പാസുകളും കൃത്യമായി പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞു. വിബിൻ മോഹനന്റെ പ്രകടനം ഇനിയും പല കാര്യങ്ങളിലും മെച്ചപ്പെട്ടു വരാനുണ്ട്. കൂടുതൽ മത്സരം കളിക്കുന്നതോടെ അത് സ്വാഭാവികമായും വന്നുചേരും. എന്തായാലും ഒരു ഭാവി സൂപ്പർതാരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് അക്കാദമി വാർത്തെടുത്തതെന്ന കാര്യത്തിൽ സംശയമില്ല.
Vibin Mohanan Winning Factor Of Kerala Blasters