ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ സമ്മാനിച്ച ഒന്നായിരുന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ വളരെ മോശം പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്. ഇതോടെ ഈ സീസണിലുള്ള ആരാധകരുടെ പ്രതീക്ഷകൾ ഒന്നുകൂടി മങ്ങിയിട്ടുണ്ട്.
ആദ്യപകുതിയിൽ തീർത്തും നിറം മങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെയാണ് കണ്ടത്. സ്വന്തം മൈതാനത്ത് ഒരു മുന്നേറ്റം പോലും നടത്താൻ കഴിയാതിരുന്ന അവർക്ക് പഞ്ചാബ് ബോക്‌സിനുള്ളിലേക്ക് പന്തെത്തിക്കാൻ പോലും കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കി ടീം ഫോർമേഷനിൽ മാറ്റങ്ങൾ വരുത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് കുറച്ചെങ്കിലും മെച്ചപ്പെട്ടത്.
“പന്ത് കൂടുതൽ കൈവശം വെക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ജിമിനസിനെ ഇറക്കിയത്. അയ്‌മനെ പിൻവലിച്ച് നോഹയെ ലെഫ്റ്റിലേക്ക് മാറ്റി. വിബിനും വന്നു. തായ്‌ലൻഡിൽ വെച്ച് നടന്ന ക്യാമ്പിനിടെ പരിക്കേറ്റതിനു ശേഷം വിബിൻ കളിക്കുന്ന ആദ്യത്തെ മത്സരമായിരുന്നു ഇത്. ഇന്നലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളും വിബിനാണ്.” മൈക്കൽ സ്റ്റാറെ മത്സരത്തിന് ശേഷം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ പ്രതിഭയുള്ള താരങ്ങളിൽ ഒരാളായ വിബിൻ ഇന്നലെ രണ്ടാം പകുതി മുഴുവൻ കളിച്ചിരുന്നു. രണ്ടു കീ പാസുകൾ നൽകാൻ താരത്തിന് ഈ സമയത്തിനുള്ളിൽ കഴിഞ്ഞു. ഏഴു ലോങ്ങ് ബോളുകൾ നൽകിയതിൽ ആറും കൃത്യതയോടെ പൂർത്തിയാക്കിയത് താരത്തിന്റെ പാസിംഗ് മികവിനെ എടുത്തു കാണിക്കുന്നതാണ്.
പുതിയ പരിശീലകന്റെ പുതിയ ശൈലിയുമായി ഇണങ്ങിച്ചേരാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാൽ ടീമിന് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുറപ്പാണ്. അടുത്ത മത്സരത്തിൽ മധ്യനിരയിലേക്ക് വിബിനൊപ്പം അഡ്രിയാൻ ലൂണ കൂടി തിരിച്ചെത്തിയാൽ കൂടുതൽ ക്രിയാത്മകമായി കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.