പനാമക്കെതിരായ അർജന്റീനയുടെ വിജയത്തിൽ മെസിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. മത്സരത്തിൽ മൊത്തം ആറു ഫ്രീ കിക്കുകൾ ലഭിച്ചപ്പോൾ അതിൽ രണ്ടെണ്ണം പോസ്റ്റിൽ തട്ടി തെറിച്ചു, രണ്ടെണ്ണം ഗോൾകീപ്പർ തടുത്തപ്പോൾ അവസാന നിമിഷത്തിൽ ഒരെണ്ണം മെസി ഗോളാക്കി മാറ്റി. ഫ്രീ കിക്കിൽ മെസിക്കുള്ള മികവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മത്സരം. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം നേടുകയും ചെയ്‌തു.
അർജന്റീനയിൽ മെസിയുടെ ഫ്രീ കിക്ക് ഗോളുകൾക്ക് പിന്നിൽ ടീമിന്റെ ഗോളി എമിലിയാനോ മാർട്ടിനസും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നാണ് ഇപ്പൊൾ വ്യക്തമാകുന്നത്. പനാമക്കെതിരായ മത്സരത്തിന്റെ ഒരു വീഡിയോ ദൃശ്യം ഇപ്പോൾ പുറത്തു വന്നതിൽ നിന്നാണ് ഇക്കാര്യം ആരാധകർ മനസിലാക്കുന്നത്. ലയണൽ മെസി ഫ്രീ കിക്ക് എടുക്കാൻ നിൽക്കുന്ന സമയത്ത് അതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകുന്ന എമിലിയാനോ മാർട്ടിനസിനെയാണ് വീഡിയോയിൽ കാണുന്നത്.
Emi did it again. 😮💨🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 26, 2023
pic.twitter.com/JiSSpFNDrD
ഫ്രീ കിക്കിനായി എതിർടീമിലെ താരങ്ങൾ ഡിഫൻസീവ് വോൾ സെറ്റ് ചെയ്യുമ്പോൾ അതിൽ അർജന്റീന താരങ്ങൾ നിൽക്കേണ്ട സ്ഥലങ്ങളും ഒഴിച്ചിടേണ്ട ഭാഗങ്ങളും കൃത്യമായി നോക്കി മനസിലാക്കി അവിടെ ഓരോ താരത്തെയും നിർത്തുന്ന ജോലി എമിലിയാനോ മാർട്ടിനസ് ചെയ്യുന്നുണ്ട്. മെസി ഫ്രീ കിക്ക് എവിടേക്കാണ് അടിക്കുകയെന്നു മനസിലാക്കി ആ ഭാഗത്ത് താരങ്ങളെ നിർത്താനും സ്‌പേസുകൾ ഒഴിച്ചിടാനും താരം സഹായിക്കുന്നുണ്ട്.
എമിലിയാനോ മാർട്ടിനസിന്റെ സഹായം കൊണ്ടാണോ എന്നറിയില്ല, മത്സരത്തിൽ മെസി എടുത്ത ഫ്രീ കിക്കുകൾ എല്ലാം വളരെ മികച്ചതായിരുന്നു. വിജയം നേടിയ രണ്ടു ഗോളുകൾ പിറന്നതും മെസിയുടെ ഫ്രീ കിക്കിലൂടെയാണ്. മെസിയുടെ ഫ്രീ കിക്കിന്റെ റീബൗണ്ടിൽ നിന്നും അൽമാഡ ആദ്യത്തെ ഗോൾ നേടിയപ്പോൾ ലയണൽ മെസി തന്നെ രണ്ടാമത്തെ ഫ്രീ കിക്ക് ഗോൾ നേടി. എന്തായാലും ഇതിനു പിന്നിൽ എമിലിയാനോ മാർട്ടിനസിന്റെ ബുദ്ധികൂടി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.