ബാഴ്‌സലോണ ചതിക്കപ്പെട്ടോ, വിനീഷ്യസ് ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്ന് റഫറി പറയുന്ന ദൃശ്യങ്ങൾ പുറത്ത്

പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റു പുറത്തായിട്ടും റയൽ മാഡ്രിഡിനെതിരെ നടന്ന കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യപാദത്തിൽ വിജയം സ്വന്തമാക്കാൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിരുന്നു. റയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ബാഴ്‌സലോണയുടെ വിജയത്തിനൊപ്പം ചർച്ചയാകുന്നത് വിനീഷ്യസ് മത്സരത്തിൽ ചുവപ്പുകാർഡ് അർഹിച്ചിരുന്നോ എന്നതാണ്.

മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഫ്രങ്കീ ഡി ജോംഗ് പന്തുമായി മുന്നേറുമ്പോൾ തടുക്കാൻ വിനീഷ്യസ് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഒടുവിൽ ബലാബലത്തിനിടെ റെസ്‌ലിങ് താരങ്ങൾ ചെയ്യുന്നതു പോലെ ഫ്രങ്കീയുടെ കഴുത്തിന് പിടിച്ച് വിനീഷ്യസ് നിലത്തിട്ടു. അതിനു മഞ്ഞക്കാർഡ് നൽകിയ റഫറിക്ക് നേരെയും വിനീഷ്യസ് ആക്രോശിച്ചിരുന്നു. എന്തുകൊണ്ടാണ് റഫറി ചുവപ്പുകാർഡ് നൽകാതിരുന്നതെന്ന ചോദ്യമാണ് ആരാധകർ മത്സരത്തിന് ശേഷം ഉയർത്തിയത്.

അതിനിടയിൽ റയൽ മാഡ്രിഡ് താരമായ മിലിറ്റാവോയുമായി നടന്ന ഒരു സംഭാഷണത്തിനിടെ റഫറി വിനീഷ്യസ് ചുവപ്പുകാർഡ് അർഹിച്ചിരുന്നു എന്ന് പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ബ്രസീലിയൻ ഡിഫെൻഡറോട് ആ ഫൗളിന് വിനീഷ്യസ് ചുവപ്പുകാർഡ് അർഹിച്ചിരുന്നില്ലേ എന്ന ചോദ്യമാണ് റഫറി ഉയർത്തുന്നത്. അത് ചുവപ്പുകാർഡ് ലഭിക്കാമായിരുന്ന ഫൗളാണെന്ന് റയൽ മാഡ്രിഡ് താരം മറുപടിയും പറയുന്നു.

അതേസമയം റയൽ മാഡ്രിഡ് ഫാൻ പേജുകൾ അതിനു മറുപടിയുമായി രംഗത്തു വന്നിട്ടുണ്ട്. റഫറിയും മിലിറ്റാവോയും തമ്മിൽ നടന്ന സംഭാഷണം കൃത്യമായി തർജ്ജമ ചെയ്യാത്തതിന്റെ കുഴപ്പമാണിതെന്നും കഴുത്തിൽ പിടിച്ച് വലിച്ചിട്ടതിനെ കുറിച്ച് മാത്രമേ റഫറി ചോദിക്കുന്നുള്ളൂവെന്നും റെഡ് കാർഡിനെപ്പറ്റി അദ്ദേഹം പറയുന്നില്ലെന്നും അവർ ന്യായീകരിക്കുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.

Copa del ReyEder MilitaoFC BarcelonaFrenkie De JongReal MadridVinicius Jr
Comments (0)
Add Comment