ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തോടെ കരിയറിന്റെ പരിപൂർണത കൈവരിച്ച ലയണൽ മെസി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശംസകൾ ഏറ്റു വാങ്ങുകയാണ്. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും നേടിയിരുന്ന ലയണൽ മെസിക്ക് സ്വന്തമാക്കാൻ ബാക്കിയുണ്ടായിരുന്നത് രാജ്യത്തിനു വേണ്ടിയുള്ള കിരീടങ്ങളായിരുന്നു. ഒന്നര വർഷത്തിനിടയിൽ ലോകകപ്പും കോപ്പ അമേരിക്കയുമടക്കം മൂന്നു കിരീടങ്ങൾ അർജന്റീനക്കായി നേടിയ ലയണൽ മെസി രാജ്യത്തിനായി കിരീടം നേടാൻ കഴിയാത്ത താരമെന്ന വിമർശനങ്ങളെ കൂടിയാണ് ഇതോടെ ഇല്ലാതാക്കിയത്.
ലോകകപ്പ് നേടിയതിനു പിന്നാലെ ലയണൽ മെസിയെ പ്രശംസിച്ച് രംഗത്തു വന്നവരിൽ മുൻ സ്പെയിൻ പരിശീലകൻ വിൻസന്റ് ഡെൽ ബോസ്‌കും ഉണ്ടായിരുന്നു. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരം ലയണൽ മെസിയാണെന്നു പറഞ്ഞ ഡെൽ ബോസ്‌ക് അർജന്റീന നായകൻ തന്റെ ഫോം സ്ഥിരതയോടെ കൊണ്ടു പോകുന്നതിനെയും പ്രശംസിച്ചു. 2010ൽ സ്പെയിൻ ലോകകപ്പ് നേടുമ്പോൾ പരിശീലകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം റേഡിയോ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ലയണൽ മെസിയെ പ്രശംസിച്ചത്.
𝘍𝘰𝘳𝘮𝘦𝘳 𝘙𝘦𝘢𝘭 𝘔𝘢𝘥𝘳𝘪𝘥 𝘢𝘯𝘥 𝘚𝘱𝘢𝘪𝘯 𝘣𝘰𝘴𝘴 Vicente Del Bosque : "The best player I have ever seen is Lionel Messi. Between Cristiano Ronaldo and Messi, I'll take Messi"
— Trig (@Kharlerh) December 24, 2022
“ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച താരം ലയണൽ മെസിയാണ്. റൊണാൾഡോ, ലയണൽ മെസി എന്നിവരിൽ ഞാൻ തിരഞ്ഞെടുക്കുക ലയണൽ മെസിയെയാണ്. ഒരുപാട് വർഷങ്ങളായി ഞാനറിയുന്ന നിരവധി താരങ്ങളിൽ ഏറ്റവും മികച്ചത് ലയണൽ മെസിയാണ്. സ്ഥിരതയും വളരെയധികം കഴിവുമുള്ള കളിക്കാരനെന്ന നിലയിൽ മെസി മികച്ചു നിൽക്കുന്നു. ഒരുപാട് മികച്ച സീസണുകൾ പൂർത്തിയാക്കിയ താരം തന്റെ ടീമിനെ എപ്പോഴും മുന്നോട്ടു നയിക്കുന്നു.” വിൻസന്റ് ഡെൽ ബോസ്‌ക് പറഞ്ഞു.
റയൽ മാഡ്രിഡ്, ബേസിക്റ്റസ് എന്നീ ക്ലബുകളുടെ പരിശീലകനായി ജോലി ചെയ്‌തിട്ടുള്ള ഡെൽ ബോസ്‌ക് ലയണൽ മെസിയെ സ്‌പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അവരുടെ ദേശീയ ടീമിന്റെ ഭാഗമാക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. 2015ൽ നൽകിയ അഭിമുഖത്തിലാണ് സ്‌പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഈ ശ്രമം നടത്തിയതെന്നും എന്നാൽ താൻ ജനിച്ച രാജ്യത്തു തന്നെ തുടരാൻ ലയണൽ മെസി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Did you know once former Spain coach Vincente Del Bosque tried to convince Lionel Messi to play for Spain? pic.twitter.com/zOiyOULp9X
— Frank Khalid (@FrankKhalidUK) December 24, 2022
അർജന്റീന നഗരമായ റൊസാരിയോയിൽ ജനിച്ച മെസി പതിമൂന്നാം വയസിൽ തന്നെ ബാഴ്‌സലോണയുടെ അക്കാദമിയിൽ ചേരാൻ സ്പെയിനിൽ എത്തിയിരുന്നു. അതിനു ശേഷം മികച്ച താരമായി വളർന്ന മെസി പതിനെട്ടാം വയസിൽ ഹംഗറിക്കെതിരായ മത്സരത്തിലാണ് അർജന്റീന ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മൈതാനത്തിറങ്ങി മിനുറ്റുകൾക്കകം ചുവപ്പുകാർഡ് വാങ്ങി പോകേണ്ടി വന്ന താരം ദേശീയ ടീമിനൊപ്പം നിരവധി ഫൈനലുകൾ കളിച്ചെങ്കിലും ഒന്നിലും കിരീടം നേടാനായിരുന്നില്ല. എന്നാൽ കരിയറിന്റെ അവസാന ഘട്ടത്തിൽ ഇതെല്ലാം സ്വന്തമാക്കി തന്റെ ഐതിഹാസികത മെസി അടയാളപ്പെടുത്തി.