റഫറിയുടെ സമീപനം ശരിയല്ല, ഞങ്ങൾക്ക് ഫൗളുകൾ നൽകിയില്ല; മത്സരത്തിന് ശേഷം പരാതിയുമായി വിനീഷ്യസ് ജൂനിയർ

ബ്രസീൽ ആരാധകർ കാത്തിരുന്ന പ്രകടനമാണ് ഇന്ന് നടന്ന മത്സരത്തിൽ ടീം നടത്തിയത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്ററിക്ക സമനിലയിൽ തളച്ച ബ്രസീൽ ഇന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാഗ്വയെ കീഴടക്കി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് വരികയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ കഴിയുമെന്ന് ഉറപ്പിക്കുകയും ചെയ്‌തു.

കഴിഞ്ഞ മത്സരത്തിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ വിനീഷ്യസ് ജൂനിയർ ആയിരുന്നു ഇന്നത്തെ മത്സരത്തിലെ ഹീറോ. പരാഗ്വായ് പ്രതിരോധത്തെ ചിന്നഭിന്നമാക്കിയ താരം രണ്ടു ഗോളുകൾ മത്സരത്തിൽ നേടി. ഗംഭീര പ്രകടനം മത്സരത്തിലുടനീളം നടത്തിയെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ചില കാര്യങ്ങളെക്കുറിച്ച് ബ്രസീലിയൻ താരം പരാതിപ്പെടുകയും ചെയ്‌തു.

“ഇതുപോലെയുള്ള സ്റ്റേഡിയങ്ങളിൽ കളിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. മൈതാനം ഒരു പ്രശ്‌നമാണ് എന്നതിന് പുറമെ റഫറി പല ക്ലിയർ ഫൗളുകളും ഞങ്ങൾക്ക് നൽകിയതുമില്ല. കോൺമെബോൾ (ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ) ഞങ്ങളെ സമീപിക്കുന്ന രീതി വളരെ സങ്കീർണമാണ്.” വിനീഷ്യസ് ജൂനിയർ പറഞ്ഞു.

അർജന്റീന താരങ്ങളും പരിശീലകരും മൈതാനത്തെക്കുറിച്ച് മുൻപേ തന്നെ പരാതി ഉന്നയിച്ചിരുന്നു. അമേരിക്കൻ ഫുട്ബോളിനു വേണ്ടി കൂടിയുള്ള പല സ്റ്റേഡിയങ്ങളിലും കൃത്രിമ ടർഫാണ് ഉപയോഗിക്കുന്നത്. കോപ്പ അമേരിക്ക ടൂർണമെന്റിന് വേണ്ടി പല സ്റ്റേഡിയങ്ങളും അതിനു മുകളിൽ പുല്ലിന്റെ ടർഫ് വിരിച്ചെങ്കിലും ടീമുകൾക്ക് ഇപ്പോഴും ബുദ്ധിമുട്ടു തന്നെയാണ്.

അതേസമയം മത്സരത്തിൽ ബ്രസീലിനു അനുകൂലമായി രണ്ടു പെനാൽറ്റികളാണ് റഫറി നൽകിയത്. അതിൽ ഒരെണ്ണം പക്വറ്റ പുറത്തേക്കടിച്ചു കളഞ്ഞപ്പോൾ രണ്ടാമത്തെ പെനാൽറ്റി താരം ഗോളാക്കി മാറ്റി. വിനീഷ്യസിന്റെ രണ്ടു ഗോളുകൾക്കും പക്വറ്റയുടെ ഗോളിനും പുറമെ ജിറോണാ താരമായ സാവിയോയാണ് ബ്രസീലിന്റെ മറ്റൊരു ഗോൾ നേടിയത്.

BrazilCopa America 2024Vinicius Jr
Comments (0)
Add Comment