കോപ്പ ഡെൽ റേ ഫൈനലിൽ ഒസാസുനയെ കീഴടക്കി ഈ സീസണിൽ മറ്റൊരു കിരീടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഒസാസുനയുടെ വെല്ലുവിളിയെ മറികടന്നത്. ബ്രസീലിയൻ താരങ്ങളായ റോഡ്രിഗോയും വിനീഷ്യസ് ജൂനിയറുമാണ് മത്സരത്തിൽ നിർണായകമായത്. റോഡ്രിഗോ ടീമിനായി രണ്ടു ഗോളുകളും നേടിയപ്പോൾ വിനീഷ്യസ് അതിനു വഴിയൊരുക്കുകയും ചെയ്തു.
രണ്ടാമത്തെ മിനുട്ടിൽ തന്നെ റോഡ്രിഗോ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചിരുന്നു. വിനീഷ്യസ് ജൂനിയർ വിങ്ങിലൂടെ ഡ്രിബിൾ ചെയ്തു മുന്നേറി വന്നു നൽകിയ പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ട് താരം റയലിനായി ആദ്യത്തെ ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ ഒസാസുന തിരിച്ചടിച്ചു. ലൂക്കാസ് ടോറെ അമ്പത്തിയെട്ടാം മിനുട്ടിൽ ഗോൾ നേടിയെങ്കിലും പത്ത് മിനിറ്റിനകം റോഡ്രിഗോയിലൂടെ റയൽ വീണ്ടും ഗോൾ നേടി. വിനീഷ്യസിന്റെ മുന്നേറ്റം തന്നെയാണ് ഗോളിൽ കലാശിച്ചത്.
RODRYGO GIVES REAL MADRID THE LEAD JUST TWO MINUTES INTO THE COPA DEL REY FINAL 😳
— ESPN FC (@ESPNFC) May 6, 2023
What an assist from Vini! 🔥 pic.twitter.com/JzmOswk4CQ
കോപ്പ ഡെൽ റേ കിരീടം നേടിയതോടെ ഇരുപത്തിരണ്ടാം വയസിൽ ക്ലബ് ഫുട്ബോളിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കുകയെന്ന നേട്ടവും ബ്രസീലിയൻ താരങ്ങളെ തേടിയെത്തി. രണ്ടു ലാ ലിഗ, ഒരു ചാമ്പ്യൻസ് ലീഗ്, രണ്ടു സ്പാനിഷ് സൂപ്പർകപ്പ്, ഒരു യൂറോപ്യൻ സൂപ്പർകപ്പ്, ഒരു ക്ലബ് ലോകകപ്പ് എന്നീ നേട്ടങ്ങൾക്ക് പുറമെയാണ് ഇപ്പോൾ കോപ്പ ഡെൽ റേയും ഇവർ സ്വന്തമാക്കിയത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി ഇവർക്ക് നേടാൻ അവസരമുണ്ട്.
RODRYGO BRACE TO GIVE REAL MADRID THE LEAD IN THE COPA DEL REY FINAL 🔥
— ESPN FC (@ESPNFC) May 6, 2023
Another incredible dribble from Vini 💫 pic.twitter.com/cyxfymcB4U
സമീപകാലത്ത് റയൽ മാഡ്രിഡ് ബ്രസീലിൽ നിന്നും നടത്തിയ ഏറ്റവും മികച്ച സൈനിങ്ങുകളായി ഈ രണ്ടു താരങ്ങളും മാറിയിട്ടുണ്ട്. ബാഴ്സലോണയുടെ വെല്ലുവിളിയെ മറികടന്നാണ് ഈ രണ്ടു താരങ്ങളെയും റയൽ മാഡ്രിഡ് വലിയ തുക നൽകി സ്വന്തമാക്കിയത്. ക്ലബിൽ പതിയ തുടങ്ങിയ രണ്ടു പേരും ഇപ്പോൾ നിർണായക മത്സരങ്ങളിലെല്ലാം ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. വെറും ഇരുപത്തിരണ്ടു വയസ് മാത്രമുള്ള ഈ താരങ്ങളെ ഇനിയും ഒരുപാട് കാലം ഉപയോഗിക്കാൻ റയലിന് കഴിയും.
Vinicius Rodrygo Completed Club Football At Age 22