മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയ തോൽവിയുടെ ക്ഷീണം മാറ്റാനാണ് ഗോവക്കെതിരെ നടക്കുന്ന മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്. തുടർച്ചയായി എട്ടു മത്സരങ്ങളിൽ വിജയവുമായെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ ഇരുപത്തിരണ്ടു മിനുറ്റിനിടെ നാല് ഗോളുകൾ നേടിയാണ് മുംബൈ ഞെട്ടിച്ചത്. ഇന്ന് രാത്രി ഗോവയുടെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ ആ തോൽവിയുടെ ക്ഷീണം മറക്കാനും ഇനിയുള്ള മത്സരങ്ങളിൽ വിജയം കുറിക്കാനുള്ള ആത്മവിശ്വാസം നേടാനുമാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
അതേസമയം മത്സരത്തിനായിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഇലവനിൽ ടീമിലെ പ്രധാന താരമായ മാർക്കോ ലെക്സോവിച്ച് ഉണ്ടാകില്ലെന്നാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിലും ക്രൊയേഷ്യൻ താരം കളിക്കാനിറങ്ങിയിരുന്നില്ല. ഇത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വളരെയധികം ബാധിച്ചുവെന്നത് മത്സരഫലം വ്യക്തമാക്കി തന്നു. ആ തോൽവിയൊരു പാഠമായതിനാൽ തന്നെ ഇന്ന് വേണ്ടത്ര മുൻകരുതലുകൾ അടുത്തായിരിക്കും ബ്ലാസ്റ്റേഴ്സ് മത്സരത്തിനായി ഇറങ്ങുക.
“ലെസ്കോവിച്ചിന്റെ കാഫ് മസിലിൽ ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വലിയ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും ഒരു സാഹസത്തിനു മുതിരുന്നത് ഗുണം ചെയ്തേക്കില്ല. അതുകൊണ്ടു തന്നെ ഞങ്ങൾ ഏതാനും ദിവസങ്ങൾ കൂടി താരത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.” കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ വുകോമനോവിച്ച് പറഞ്ഞു. ലെസ്കോവിച്ചിന്റെ അഭാവത്തിൽ ഹോർമിപാമിനൊപ്പം വിക്റ്റർ മോൻഗിൽ തന്നെയായിരിക്കും പ്രതിരോധം കാക്കുകയെന്നാണ് കരുതേണ്ടത്.
🗣️| Kerala Blasters boss Ivan Vukomanovic on Marko Leskovic's availability:
— Dakir Thanveer (@ZakThanveer) January 22, 2023
He was maybe available but we didn't want to take the risk. There're still many games till the end.#KBFC #YennumYellow #ഒന്നായിപോരാടാം #Indianfootball #ISL #LetsFootball
Read:https://t.co/Kb6PzTo90y
എതിരാളികളായ എഫ്സി ഗോവയുടെ പ്രകടനത്തെയും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രശംസിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച താരങ്ങളെ വെച്ച് മികച്ച ഫുട്ബോൾ കളിക്കുന്ന ടീമുകളിൽ ഒന്നാണ് എഫ്സി ഗോവയെന്നാണ് ഇവാൻ പറയുന്നത്. രണ്ടു ടീമുകളും ടോപ് സിക്സിൽ നിന്ന് ടോപ് ഫോറിനായി പൊരുതുന്നതിനാൽ മികച്ചൊരു മത്സരം തന്നെ കാണാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ടു ടീമുകളും വിജയം തന്നെയാണു ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.