ഒരു കിരീടം ആഗ്രഹിക്കുന്ന ആരാധകർക്ക് ഈ മറുപടിയല്ല വേണ്ടത്, ബ്ലാസ്റ്റേഴ്‌സ് തോറ്റതിന്റെ കാരണം പറഞ്ഞ് ഇവാൻ | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച് പത്താമത്തെ സീസൺ പിന്നിടുമ്പോഴും ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും അപ്പോഴൊന്നും ഒരു കിരീടം സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാൻബേസ് ആയി തുടരുമ്പോഴും എതിരാളികളുടെ കളിയാക്കലുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിശബ്‌ദമായി ഏറ്റുവാങ്ങുന്നതും അതിന്റെ പേരിലാണ്.

ഇന്നലെ എഫ്‌സി ഗോവക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനമാണ് തിരിച്ചടി നൽകിയതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നു പൊരുതാൻ പോലും അവർ വിട്ടില്ലെന്നത് സത്യസന്ധമായ കാര്യമാണ്. പെപ്രക്ക് ആദ്യപകുതിയിൽ ലഭിച്ച അവസരം മാറ്റിനിർത്തിയാൽ സുവർണാവസരമൊന്നും ടീം ഉണ്ടാക്കിയില്ല. നേടിയ ലീഡ് സമർത്ഥമായി പ്രതിരോധിച്ച ഗോവ മത്സരം സ്വന്തമാക്കി.

അതേസമയം മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തോൽവിയുടെ കാരണം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി. “മത്സരം കഠിനമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അനുഭവസമ്പത്തുള്ള കളിക്കാരുള്ള ടീമാണ് ഗോവ. എന്നാൽ ലീഗിലെ ഏറ്റവും യുവടീമാണ് ഞങ്ങൾ. ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സിന് അനുഭവസമ്പത്ത് കുറവുണ്ട്. ഇത്തരം മത്സരങ്ങളിൽ അവസരങ്ങളുണ്ടാകുമ്പോൾ ഗോൾ നേടേണ്ടത് വളരെ പ്രധാനമാണ്.നിങ്ങൾക്ക് പത്തവസരങ്ങൾ ലഭിക്കില്ല.”

“കഠിനമായൊരു മത്സരമാകുമിതെന്ന് ഞങ്ങൾക്കറിയാമായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾ സമ്മർദ്ദം ചെലുത്തുകയും മികച്ച ചില നിമിഷങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തിരുന്നു. ആദ്യ പകുതിയിൽ വേണ്ട ശ്രദ്ധ നൽകാൻ ടീമിന് കഴിയാത്തതിലും സെറ്റ് പീസ് ഗോൾ വഴങ്ങിയതിലും എനിക്ക് വളരെയധികം നിരാശയുണ്ട്. എന്നാൽ ഇതുപോലെയുള്ള കാര്യങ്ങൾ സംഭവിക്കും.”

“എന്തായാലും ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾ ലീഗ് ആരംഭിച്ച രീതിയും പല കാര്യങ്ങളിലും ഞങ്ങൾ എങ്ങനെ മാറ്റങ്ങൾ വരുത്തി മുന്നേറിയെന്നതിലും ഞാൻ സന്തോഷിക്കുന്നു. ഈ സീസണിൽ ധാരാളം പുതുമുഖങ്ങൾ ടീമിൽ ഇറങ്ങി. കൂടാതെ ഇത് എട്ടു ദിവസത്തിനുള്ളിലെ ഞങ്ങളുടെ മൂന്നാം മത്സരമായിരുന്നുവെന്നതും ഓർക്കണം.” അദ്ദേഹം വ്യക്തമാക്കി.

യുവതാരങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് കൂടുതൽ അവസരം നൽകുന്നുണ്ടെങ്കിലും അത് മോശം പ്രകടനം നടത്തുന്നതിന് ഒരു ഒഴിവുകഴിവായി ഒരിക്കലും പറയാൻ കഴിയില്ല. കാരണം നിലവിലെ സാഹചര്യത്തിൽ യുവാക്കൾക്ക് അവസരം നൽകുക എന്നതിനേക്കാൾ ഒരു കിരീടമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടത്. അതിൽ കുറഞ്ഞ ഒന്നിലും ആരാധകർ തൃപ്‌തരാവുകയുമില്ല.

Vukomanovic Explains KBFC Loss Against FC Goa

FC GoaISLIvan VukomanovicKerala Blasters
Comments (0)
Add Comment