ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്ക്, കനത്ത തുക പിഴയുമീടാക്കി എഐഎഫ്എഫ് അച്ചടക്കസമിതി | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം തീരുമാനങ്ങളുമായി മത്സരങ്ങളുടെ ഗതിയിൽ വിപരീതഫലം ഉണ്ടാക്കുന്നതിൽ പേരുകേട്ട റഫറിമാരെ സംരക്ഷിക്കുന്ന എഐഎഫ്എഫിന്റെ അജണ്ട കൂടുതൽ വ്യക്തമാകുന്ന കാഴ്‌ചയാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് റഫറിമാർക്കെതിരെ സംസാരിച്ചതിന്റെ പേരിൽ വിലക്കും പിഴയും എഐഎഫ്എഫ് അച്ചടക്കസമിതി നൽകിയിട്ടുണ്ട്.

ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരത്തിനിടെയുണ്ടായ റഫറിയിങ് തീരുമാനങ്ങളെ വിമർശിച്ചതിന്റെ പേരിലാണ് ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി വന്നതെന്ന് മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുന്നു. അൻപതിനായിരം രൂപ പിഴയും ഒരു ഐഎസ്എൽ മത്സരത്തിൽ വിലക്കുമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ എഐഎഫ്എഫ് എടുത്ത നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

രണ്ടു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ നിരവധി റഫറിയിങ് പിഴവുകൾ ഉണ്ടായിരുന്നു. ചെന്നൈയിൻ എഫ്‌സി നേടിയ ആദ്യത്തെ ഗോൾ അനുവദിച്ചതിനു പുറമെ ലൂണയെ ഫൗൾ ചെയ്‌തതിനു പെനാൽറ്റി നൽകാതിരുന്നതും വിബിൻ മോഹനനെ ഫൗൾ ചെയ്‌തതിന്‌ ഒരു കാർഡും നൽകാതിരുന്നതുമെല്ലാം റഫറിയിങ് പിഴവുകളിൽ ഉൾപ്പെടുന്നു. ഇതിനെതിരെ മത്സരത്തിന് ശേഷം ഇവാൻ വുകോമനോവിച്ച് സംസാരിച്ചിരുന്നു.

എന്നാൽ റഫറിയിങ്ങിനെതിരെ വളരെ രൂക്ഷമായ വിമർശനമൊന്നും ഇവാൻ നടത്തിയില്ലെന്നിരിക്കെയാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. റഫറിമാരുടെ മോശം തീരുമാനങ്ങളെക്കുറിച്ച് സംസാരിച്ച് ഞങ്ങൾ തളർന്നുവെന്നും അവർക്ക് മത്സരം കൃത്യമായി നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് കരുതുന്നതെന്നും എന്നാൽ തെറ്റുകൾ തിരുത്തി അവർ മുന്നോട്ടു വരുമെന്ന പ്രതീക്ഷ തങ്ങൾക്കുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനാണ് നടപടിയും ഉണ്ടായിരിക്കുന്നത്.

ഇവാൻ വുകോമനോവിച്ചിനെതിരെ എഐഎഫ്എഫ് നടപടി ഇതാദ്യമായല്ല ഉണ്ടാകുന്നത്. കഴിഞ്ഞ സീസണിൽ ടീമിനെ ഗ്രൗണ്ടിൽ നിന്നും തിരിച്ചു വിളിച്ചതിനു പത്ത് മത്സരങ്ങളിൽ നിന്നും വിലക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ ഇത്തവണ അദ്ദേഹത്തിനെതിരെ എടുത്ത നടപടി തീർത്തും അന്യയായമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിലക്ക് വന്നതോടെ പഞ്ചാബ് എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരം അദ്ദേഹത്തിന് നഷ്‌ടമാകും.

Vukomanovic Handed Ban And Penalty By AIFF

AIFFISLIvan VukomanovicKerala Blasters
Comments (0)
Add Comment