കേരള ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാം, സൂചന നൽകി ഇവാൻ വുകോമനോവിച്ച് | Vukomanovic

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുകയാണ്. തങ്ങളുടെ കോട്ടയായി മാറിക്കഴിഞ്ഞ കൊച്ചിയിലെ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ എതിരാളികൾ ഹൈദരാബാദ് എഫ്‌സിയാണ്. മുൻപ് ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ച് ഐഎസ്എൽ കിരീടം നേടിയിട്ടുള്ള ടീമാണ് ഹൈദരാബാദ് എഫ്‌സി എങ്കിലും ഈ സീസണിൽ അവർ ഒരു മത്സരം പോലും വിജയം നേടിയിട്ടില്ലെന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തിലാണ്.

ഹൈദരാബാദ് എഫ്‌സിക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്രധാനപ്പെട്ട തിരിച്ചടി ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിസ് കളിക്കില്ലെന്നതാണ്. കഴിഞ്ഞ മത്സരത്തിൽ അനാവശ്യമായി രണ്ടു മഞ്ഞക്കാർഡും ചുവപ്പുകാർഡും വാങ്ങിയ താരം അതിനു ലഭിച്ച വിലക്കിനെ തുടർന്നാണ് ഇന്ന് നടക്കുന്ന മത്സരത്തിൽ കളിക്കാതിരിക്കുന്നത്. ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി രണ്ടു ഗോളുകൾ നേടിയ താരത്തിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കുമെന്നുറപ്പാണ്.

ദിമിത്രിസിന്റെ അഭാവത്തിൽ അഡ്രിയാൻ ലൂണയെയും ക്വാമേ പെപ്രയെയും മുന്നേറ്റനിരയിൽ ഇറക്കിയുള്ള ആദ്യ ഇലവനാകും ഹൈദെരാബാദിനെതിരെ ഇവാൻ പരീക്ഷിക്കുകയെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ മുന്നേറ്റനിരയിൽ മാറ്റമുണ്ടാകുമെന്ന സൂചനയാണ് ഇവാൻ നൽകിയത്. സീസണിൽ ആകെ രണ്ടു മത്സരങ്ങളിൽ മാത്രം കളിച്ച ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിറ്റക്ക് അവസരം ഉണ്ടായേക്കുമെന്നാണ് ഇവാൻ സൂചന നൽകിയത്.

“എല്ലാവരെയും പോലെ ഇഷാനും കളിക്കാൻ അവസരം അർഹിക്കുന്ന താരം തന്നെയാണ്. വളരെ എളുപ്പത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ കഴിയുന്ന താരമാണ് ഇഷാൻ, അതിനു യാതൊരു പ്രശ്‌നവുമില്ല. മത്സരത്തിനു മുൻപുള്ള ട്രെയിനിങ് സെഷന് ശേഷം ഞങ്ങൾ ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കുന്നതായിരിക്കും.” ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ ഇഷാനെ ഇറക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇവാൻ മറുപടി പറഞ്ഞു.

ദിമിത്രിസിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിലെ ഇന്ത്യൻ താരങ്ങൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ അവർക്ക് കഴിവ് തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണ് ഇന്നത്തെ മത്സരം നൽകുക. ഡ്രിങ്കിച്ച്, ലെസ്‌കോ എന്നിവർ തിരിച്ചു വന്നതോടെ ഇനി മുതൽ ഒരു വിദേശസ്‌ട്രൈക്കറെ വെച്ചു മാത്രമേ ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ സാധ്യതയുള്ളൂ. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞാൽ കൂടുതൽ അവസരങ്ങൾ അവരെ തേടിയെത്തും.

Ivan Vukomanovic Hints Ishan Pandita Will Be In Line Up

Indian Super LeagueIshan PanditaISLIvan VukomanovicKerala Blasters
Comments (0)
Add Comment