ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരം വലിയ വിവാദങ്ങളോടെയാണ് അവസാനിച്ചത്. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപേ എടുത്ത് സുനിൽ ഛേത്രി നേടിയ ഗോൾ റഫറി അനുവദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ തന്റെ താരങ്ങളെ പരിശീലകനായ ഇവാൻ വുകോമനോവിച്ച് തിരികെ വിളിക്കുകയായിരുന്നു.
മത്സരം കഴിയും മുൻപേ ടീമിനെ തിരികെ വിളിച്ച ഇവാന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തു വന്നിരുന്നു. നേരത്തെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരെ സംബന്ധിച്ച് വളരെയധികം പരാതി ഉയർന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ചെയ്‌തത് ശരിയായ കാര്യമാണെന്നാണ് ചിലർ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ഈ സംഭവത്തിൽ അന്വേഷണം നടക്കുമെന്നും നടപടി ഉണ്ടാകുമെന്നും ഉറപ്പാണ്.
"Oh Ivan! We are with you… We are with you"
— Korah Abraham (@thekorahabraham) March 4, 2023
Manjappada in full voice at the Kochi airport to welcome coach Ivan Vukomanovic and his boys, who arrived from Bengaluru after the 'controversial' knockout game last evening. @KeralaBlasters @kbfc_manjappada pic.twitter.com/zClUcPfNyr
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതിനു കമ്മിറ്റി രൂപീകരിച്ച് റഫറി, മാച്ച് ഒഫിഷ്യൽസ്, താരങ്ങൾ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാകും നടപടി സ്വീകരിക്കുക. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം നടപടിയിൽ താരങ്ങളെ തിരിച്ചു വിളിച്ച ഇവാൻ വുകോമനോവിച്ച് മാത്രം ബലിയാടാനാകാണ് സാധ്യത. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിനെതിരെ യാതൊരു നടപടിയും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Was Ivan Vukomanovic right to walk away from the pitch after Sunil Chhetri's goal?
— Sportstar (@sportstarweb) March 3, 2023
Context: https://t.co/Nl0UKQMR3n#KeralaBlasters #BFCKBFC #ISL pic.twitter.com/gqVcBTDRSh
കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിന് വലിയൊരു ആരാധകവൃന്ദം ഉള്ളതു കൊണ്ട് തന്നെ നടപടി എടുക്കാൻ അധികൃതർ മടിച്ചേക്കും. അതേസമയം ഇവാനെതിരെ ഒരു വർഷത്തെ സസ്‌പെൻഷൻ അടക്കമുള്ള നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തോടെ ഇവാന് വലിയ ആരാധകപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചാൽ അത് കൂടുതൽ ആരാധകപ്രതിഷേധത്തിനു കാരണമായേക്കും.