ഓരോ കളിക്കാരന്റെയും ആത്മവിശ്വാസം ഇരട്ടിയാക്കുന്ന പരിശീലകൻ, ഇവാനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്‌സ് താരം പെപ്ര | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നു തവണ ഫൈനൽ കളിച്ച ക്ലബാണ് ബ്ലാസ്റ്റേഴ്‌സ്. ഒൻപത് സീസണുകളിൽ മൂന്നു തവണ ഫൈനൽ കളിച്ചത് മികച്ച നേട്ടമാണെങ്കിലും ഇവാൻ വുകോമനോവിച്ച് പരിശീലകനായതിനു ശേഷമാണ് ഏറ്റവും സ്ഥിരതയാർന്ന പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തുന്നതെന്നതിൽ സംശയമില്ല. അദ്ദേഹത്തിന് കീഴിൽ ആദ്യ സീസണിൽ ഫൈനൽ കളിച്ച ടീം കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ദൗർഭാഗ്യകരമായ രീതിയിലാണ് പുറത്തു പോയത്.

ഈ സീസണിലും മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇവാൻ വുകോമനോവിച്ചിന് കീഴിൽ നടത്തുന്നത്. എട്ടു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് കളിച്ചപ്പോൾ അതിൽ ഒരെണ്ണത്തിൽ മാത്രമാണ് ടീം തോൽവി വഴങ്ങിയത്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതും ബ്ലാസ്റ്റേഴ്‌സാണ്. എട്ടു മത്സരങ്ങളിൽ അഞ്ചു വിജയവും രണ്ടു സമനിലയും ഒരു തോൽവിയുമാണ് ടീം സ്വന്തമാക്കിയത്. വിജയം കൈവിട്ട മത്സരങ്ങളിലും ടീം മികച്ച പ്രകടനമാണ് നടത്തിയതെന്നത് സീസണിൽ വലിയ പ്രതീക്ഷ നൽകുന്നു.

ഇവാന് കീഴിൽ മികച്ച പ്രകടനം നടത്താൻ താരങ്ങൾക്ക് കഴിയുന്നതിന്റെ കാരണം കഴിഞ്ഞ ദിവസം ടീമിലെ മുന്നേറ്റനിര താരമായ ക്വമെ പെപ്ര വെളിപ്പെടുത്തി. ഗോവക്കെതിരായ മത്സരത്തിനു മുൻപ് നടന്ന പത്രസമ്മേളനത്തിൽ ഇവാനോടൊപ്പം എത്തിയത് പെപ്ര ആയിരുന്നു. “ഈ കൊച്ചിനോടൊപ്പം ജോലി ചെയ്യുന്നത് ഞാൻ വളരെയധികം ആസ്വദിക്കുന്നു. കളിക്കാരെ പ്രചോദിപ്പിക്കാനും അവർ ഏറ്റവും മികച്ച പ്രകടനം നടത്താനും അദ്ദേഹം വളരെയധികം സഹായിക്കുന്നു.” പെപ്ര പറഞ്ഞു.

ഇവാൻ താരങ്ങൾക്ക് നൽകുന്ന പിന്തുണ ഏറ്റവും നന്നായി മനസിലാക്കുന്ന കളിക്കാരൻ പെപ്ര തന്നെയായിരിക്കും. തുടർച്ചയായി ഏഴു മത്സരങ്ങളിൽ ഗോൾ നേടാൻ ഘാന താരത്തിന് കഴിഞ്ഞില്ലെങ്കിലും എല്ലാ മത്സരങ്ങളിലും താരത്തിന് ഇവാൻ അവസരം നൽകിയിരുന്നു. അതിന്റെ പ്രതിഫലം കഴിഞ്ഞ മത്സരത്തിൽ താരം നൽകുകയും ചെയ്‌തു. ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കിയ പെനാൽറ്റി നേടിയെടുക്കുകയും ചെയ്‌തത്‌ പെപ്രയായിരുന്നു.

അഡ്രിയാൻ ലൂണ, ദിമിത്രിസ് എന്നീ താരങ്ങൾക്കൊപ്പം മുന്നേറ്റനിരയിൽ കളിക്കുന്നതിനിടെ സന്തോഷവും പെപ്ര വെളിപ്പെടുത്തി. വളരെയധികം സ്പെഷ്യലായ കാര്യമാണതെന്നു പറഞ്ഞ അദ്ദേഹം രണ്ടു താരങ്ങൾക്കും ഫുട്ബോളിൽ ഒരുപാട് പരിചയസമ്പത്തുണ്ടെന്നും പറഞ്ഞു. അവരുടെ അറിവുകളും പരിചയസമ്പത്തും കളിക്കളത്തിൽ നമുക്ക് കാണാൻ കഴിയുമെന്നും അവരിൽ നിന്നും ഒരുപാട് മനസിലാക്കാൻ തനിക്ക് കഴിയുന്നുണ്ടെന്നും പെപ്ര കൂട്ടിച്ചേർത്തു.

Ivan Vukomanovic Praised By Peprah

Indian Super LeagueISLIvan VukomanovicKerala BlastersKwame Peprah
Comments (0)
Add Comment