സെപ്‌തംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയൊരു സീസണിനു തുടക്കം കുറിക്കുമ്പോൾ ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് ഇറങ്ങുന്നത്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളെന്നത് കൂടുതൽ ആവേശം മത്സരത്തിന് നൽകുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനോട് തോൽവി നേരിട്ട് പ്ലേ ഓഫിൽ നിന്നും പുറത്തു പോയ ബ്ലാസ്റ്റേഴ്‌സിന് പകരം വീട്ടാനുള്ള സുവർണാവസരമാണിത്.
അതേസമയം മത്സരത്തിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയൊരു ആശങ്കയുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എഐഎഫ്എഫിൻറെ പിഴശിക്ഷ ലഭിച്ചത് സാമ്പത്തികപരമായി ബാധിച്ചതിനാൽ പുതിയ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സിന് അത്ര മികച്ച രീതിയിൽ ഒരുങ്ങാൻ കഴിഞ്ഞിട്ടില്ലെന്നത് തന്നെയാണ് അതിനു കാരണം. അതേസമയം ബ്ലാസ്റ്റേഴ്‌സ് ഏതൊരു എതിരാളിയെയും നേരിടാൻ തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്.
“ഇന്ത്യൻ സൂപ്പർലീഗിൽ നമ്മൾ എത്ര ദൂരം പോകുമെന്ന് പ്രവചിക്കാൻ കഴിയില്ല. ഏതൊരു ടീമിനും നോക്ക്ഔട്ടിൽ എത്താൻ കഴിയുമെന്നതാണ് ഈ ടൂർണമെന്റിന്റെ പ്രധാന സൗന്ദര്യം. മോശം തുടക്കം ലഭിച്ച ടീമുകൾക്കും, ഒന്നുമില്ലായ്‌മയിൽ നിന്നും ഏതാനും മത്സരങ്ങൾ വിജയിച്ച് ടോപ് ഹാഫിൽ ഏതാണ് കഴിയും. അതൊരു വെല്ലുവിളി തന്നെയാണ്. അതിനാൽ ഞങ്ങൾ ഏതൊരു എതിരാളിയെയും നേരിടാൻ കഴിയുന്ന ഏറ്റവും മികച്ച ടീമിനെ തയ്യാറാക്കാനാണ് ശ്രമിക്കുന്നത്.” വുകോമനോവിച്ച് പറഞ്ഞു.
കഴിഞ്ഞ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഷാർജാ എഫ്‌സിയെ തോൽപ്പിച്ചത് പുതിയ സീസണിനു മുന്നോടിയായി പ്രതീക്ഷ നൽകിയ കാര്യമായിരുന്നു. നേരത്തെ പുതിയ താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ പുറകോട്ടു പോയ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറന്റ് കപ്പിലെ പുറത്താകലിനു ശേഷം വിദേശതാരങ്ങൾ ഉൾപ്പെടെ ഏതാനും പേരെ സ്വന്തമാക്കിയിരുന്നു. ഇതിലെ രണ്ടു വിദേശതാരങ്ങൾ കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയതിനാൽ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
Vukomanovic Says Blasters Ready To Take Any Opponent