ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റിക്കെതിരെ വിജയം നേടി നിലവിലെ ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ ഈ സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മുംബൈ സിറ്റിക്കെതിരെ വിജയം നേടുകയെന്നത് അത്രയെളുപ്പമല്ല. ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. നാളത്തെ മത്സരത്തിൽ വിജയം നേടിയാൽ അവരുടെ അപരാജിത കുതിപ്പിന് അവസാനം കുറിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് കഴിയും.
മാഞ്ചസ്റ്റർ സിറ്റിയടക്കമുള്ള വമ്പൻ ടീമുകളുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് നേതൃത്വം നൽകുന്ന മുംബൈ സിറ്റി എഫ്സി മികച്ച താരങ്ങളെ അണിനിരത്തിയാണ് ഇറങ്ങുന്നത്. താരങ്ങളെ സ്വന്തമാക്കാൻ അവർ വളരെയധികം പണം ചിലവാക്കുകയും ചെയ്യുന്നു. അതേസമയം അവരെ അപേക്ഷിച്ച് കുറഞ്ഞ തുക മുടക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിനായി ഒരുങ്ങുന്നതും മികച്ച പ്രകടനം നടത്തുന്നതും. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സംസാരിച്ചു. രണ്ടു ടീമുകളുടെയും സ്ക്വാഡുകൾ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ഞങ്ങളുടെ എതിരാളികളെപ്പോലെയോ മറ്റു ചില ക്ലബുകളെപ്പോലെയോ സീസണിന്റെ അവസാനം ഇരുന്ന് കഴിഞ്ഞ സീസണിലെ എല്ലാ നല്ല കളിക്കാരെയും വാങ്ങുന്ന തരത്തിലുള്ള ക്ലബല്ല ഞങ്ങൾ. അവർ എത്ര തുക മുടക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കുന്നേയില്ല. ഞങ്ങൾ അതുപോലെയുള്ള ക്ലബല്ല, വിജയം നേടണമെങ്കിൽ ഒരുപാട് മറ്റു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.”
Here's what Kerala Blasters boss Ivan Vukomanovic said ahead of the Mumbai City game ⤵️#IndianFootball #HeroISL #MumbaiCity #KeralaBlasters #MCFC #KBFC #MCFCKBFC https://t.co/WcUNpKSoMf
— Khel Now (@KhelNow) January 7, 2023
“ഞങ്ങൾ താരങ്ങളെ വാങ്ങുന്നതിനേക്കാൾ ഭാവിയിലേക്കുള്ള താരങ്ങളെ ഉണ്ടാക്കുന്ന മറ്റൊരു തരം വീക്ഷണമാണ് ഞങ്ങളുടേത്. കേരള ഫുട്ബോളിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നും താരങ്ങളെ ഉണ്ടാക്കി മുന്നോട്ടു കൊണ്ടുവരേണ്ടതും ഞങ്ങളുടെ ജോലിയാണ്. അങ്ങിനെ ഒരുപാട് ചുമതലയുണ്ട്, അതിനൊപ്പം പരിധികളുമുണ്ട്. അതിനിടയിൽ ഏറ്റവും മികച്ചതായി തുടരാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്.” വുകോമനോവിച്ച് പറഞ്ഞു.
തുടർച്ചയായ എട്ടു മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയം നേടി പരാജയം അറിയാതെ കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിയെ തോൽപ്പിക്കാനുള്ള കരുത്തുണ്ട്. എന്നാൽ മുംബൈയുടെ മൈതാനത്താണ് മത്സരമെന്നത് കേരള ബ്ലാസ്റ്റേഴ്സിന് ഭീഷണി സൃഷ്ടിക്കുന്നു. നാളത്തെ മത്സരത്തിൽ വിജയം നേടിയാൽ മുംബൈയുമായുള്ള പോയിന്റ് വ്യത്യാസം വെറും രണ്ടാക്കി കുറക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും.