റഫറിയിങ് വിഷയത്തിൽ ആരാധകരെ തിരുത്തി ഇവാൻ, വാർ ആവശ്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് തന്റെ താരങ്ങളുമായി കളിക്കളം വിട്ടതിനെ തുടർന്ന് പത്ത് മത്സരങ്ങളിൽ അദ്ദേഹത്തിന് വിലക്ക് ലഭിച്ചിരുന്നു. അതിനു ശേഷം ആശാൻ ആദ്യമായാണ് എഐഎഫ്എഫ്‌ നടത്തുന്ന ഒരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ നയിക്കാൻ ഇറങ്ങുന്നത്.

കഴിഞ്ഞ സീസണിൽ ഇവാൻ ഉയർത്തിയ പ്രതിഷേധം ആരാധകർ ഏറ്റെടുത്തതോടെ എഐഎഫ്എഫ് സമ്മർദ്ദത്തിലായിരുന്നു. അതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ്ങിന്റെ ചെറിയ രൂപമായ വാർ ലൈറ്റ് കൊണ്ടുവരണമെന്ന വാഗ്‌ദാനം മേധാവികൾ നൽകിയിരുന്നു. എന്നാൽ സീസൺ തുടങ്ങി നാല് റൌണ്ട് മത്സരങ്ങൾ പല ടീമുകളും പൂർത്തിയായിട്ടും അതിനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് മാത്രമല്ല, റഫറിമാരുടെ പിഴവുകൾ ആവർത്തിക്കുകയും ചെയ്യുന്നു.

ഈ സീസണിലും റഫറിമാരുടെ പിഴവുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ബാധിച്ചിരുന്നു. മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ പ്രബീർ ദാസിന്റെ കഴുത്തിൽ പിടിച്ചതടക്കമുള്ള ഫൗളുകൾ റഫറി കാണാതിരുന്നപ്പോൾ ജംഷഡ്‌പൂറിനെതിരെ ഒരു ക്ലിയർ പെനാൽറ്റിയും നിഷേധിക്കപ്പെട്ടു. അതിനു പുറമെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു താരങ്ങളെ മൂന്നു മത്സരങ്ങളിൽ വിലക്കുകയും ചെയ്‌തു. ഇതോടെ ഐഎസ്എൽ അധികൃതർ ബ്ലാസ്‌റ്റേഴ്‌സിനെ വേട്ടയാടുന്നുണ്ട് എന്ന ആരോപണം ആരാധകർ ഉയർത്തിയെങ്കിലും അതിനെ ഇന്ന് ഇവാൻ തിരുത്തി.

“ഐഎസ്എൽ റഫറിമാർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ മാത്രം നിൽക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മാനുഷികപരമായ തെറ്റുകളെ നമ്മൾ എല്ലായിപ്പോഴും കൈകാര്യം ചെയ്യേണ്ടതുണ്ട്. അവർക്ക് പിന്തുണ നൽകാൻ ആധുനിക സാങ്കേതികവിദ്യകൾ നമ്മുടെ കൈകളിലില്ല. ആധുനികസാങ്കേതിക വിദ്യകൾ ഇതുപോലെയുള്ള അവസരങ്ങളിൽ നമ്മളെ സഹായിക്കും, അതായിരിക്കണം നമ്മുടെ അടുത്ത ചുവടുവെപ്പ്. വ്യക്തിപരമായി ഞാൻ റഫറിമാർക്ക് എതിരല്ല.” അദ്ദേഹം വ്യക്തമാക്കി.

ഇവാൻ വുകോമനോവിച്ചിന്റെ പ്രതികരണം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എത്രത്തോളം ഉൾക്കൊള്ളും എന്ന കാര്യം കണ്ടറിയേണ്ടതാണ്. കാരണം ഐഎസ്എല്ലിൽ റഫറിമാരുടെ തെറ്റായ തീരുമാനം കാരണം വലിയ തിരിച്ചടികൾ ഇക്കാലയളവിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ടിട്ടുണ്ട്. എല്ലായിപ്പോഴും അത് മാനുഷികമായ തെറ്റാണെന്ന് കരുതി പ്രതികരിക്കാതിരുന്നാൽ ആ തെറ്റ് കൂടുതൽ ആവർത്തിക്കും. അതിനാൽ തന്നെ റഫറിമാർ തെറ്റുകൾ വരുത്തുമ്പോൾ പ്രതിഷേധിക്കേണ്ടത് മാറ്റങ്ങൾ ഉണ്ടാകാൻ അനിവാര്യമാണ്.

Ivan Vukomanovic Says VAR Should Be Next Step In ISL

Indian Super LeagueISLIvan VukomanovicKerala Blasters
Comments (0)
Add Comment