കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മുന്നറിയിപ്പു പോലെത്തന്നെ സംഭവിച്ചു, തിരുത്തലുകൾ ഉണ്ടാകേണ്ടത് ആവശ്യം

കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ ആരാധകരുടെ ആരവം നെഞ്ചിലേറ്റി കളിച്ച് കൊമ്പന്മാർ മികച്ച വിജയം തന്നെ നേടുകയുണ്ടായി. വളരെ നാളുകൾക്ക് ശേഷം കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മത്സരത്തിലെ വിജയം ആരാധകർ മതിമറന്ന് ആഘോഷിച്ചെങ്കിലും കളിക്കിടയിൽ റഫറിയിങ്ങിലെ പാകപ്പിഴകൾ ബ്ലാസ്റ്റേഴ്‌സിനെതിരെ വന്നത് ഐഎസ്എൽ സംഘാടനമികവിനെ സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്നതാണ്.

മത്സരത്തിനിടയിൽ പന്തുമായി മുന്നേറുന്നതിനിടെ അഡ്രിയാൻ ലൂണയുടെ മുഖത്ത് ഇവാൻ ഗോൺസാലസിന്റെ കൈ കൊണ്ടതും ഈസ്റ്റ് ബംഗാൾ ബോക്‌സിനു പുറത്തു നിന്നുമുണ്ടായ ഹാൻഡ് ബോളുമുൾപ്പെടെ റഫറിക്ക് തീരുമാനങ്ങൾ പിഴച്ച ചില സന്ദർഭങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ റഫറിയുടെ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടികൾ നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സീസണിലും റഫറിമാർ തെറ്റുകൾ വരുത്തുന്നതിനെ വലിയ ആശങ്കകളോടെയാണ് ആരാധകർ കാണുന്നത്.

അതേസമയം റഫറിയിങ്ങനെ സംബന്ധിച്ച് താരങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിക്കാതിരിക്കാനും സ്വന്തം വികാരങ്ങളെ അടക്കി നിർത്താനും താരങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കൂടുതൽ കാണികളുടെ ഇടയിൽ കളിക്കുമ്പോൾ ഇതുപോലത്തെ കാര്യങ്ങൾ വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വുകോമനോവിച്ചിന്റെ വാക്കുകൾ കൃത്യമായി മൈതാനത്ത് നടപ്പിലാക്കി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിച്ചത്. മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഒരേയൊരു മഞ്ഞക്കാർഡ് എഴുപത്തിയെട്ടാം മിനുട്ടിലാണ് പിറന്നത്. ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു നിൽക്കുന്ന സമയത്ത് പ്രതിരോധതാരം റുവൈ ഹോർമിപാം നടത്തിയ ഫൗളിനാണ് മഞ്ഞക്കാർഡ് ലഭിച്ചത്. അതേസമയം മത്സരത്തിൽ ചുങ്നുങ്ങ ലാൽ, അങ്കിത് മുഖർജി എന്നിവരിലൂടെ രണ്ടു മഞ്ഞക്കാർഡാണ്‌ ഈസ്റ്റ് ബംഗാളിന് ലഭിച്ചത്.

റഫറിമാരുടെ പിഴവുകൾ ഐഎസ്എല്ലിൽ ചർച്ചയാവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അതിനാൽ തന്നെ വീഡിയോ റഫറിയിങ് സംവിധാനം ടൂർണമെന്റിൽ വേണമെന്ന ആവശ്യവും ആരാധകരിൽ പലരും ഉയർത്തുന്നു. എന്നാൽ ഇതുവരെയും അതു നടപ്പിലാക്കാൻ വേണ്ടിയുള്ള യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ലീഗ് ഒന്നുകൂടി വികസിക്കുന്നതോടെ അതും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

East BengalIndian Super LeagueISLIvan VukomanovicKerala Blasters
Comments (0)
Add Comment