ആറു വർഷത്തിനിടയിൽ ഒരിക്കപ്പോലും ഇങ്ങനെ സംഭവിച്ചിട്ടില്ല, ഞെട്ടലുണ്ടാക്കിയ കാര്യമാണെന്ന് അർജന്റീന സഹപരിശീലകൻ വാൾട്ടർ സാമുവൽ

അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി പെറുവിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ഡഗ്‌ ഔട്ടിൽ ഉണ്ടാകില്ലെന്ന് തീരുമാനമായിക്കഴിഞ്ഞിട്ടുണ്ട്. ചിലിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അർജന്റീന ടീം കളത്തിലിറങ്ങാൻ വൈകിയതിനെ തുടർന്നാണ് സ്‌കലോണിക്ക് ഒരു മത്സരത്തിൽ വിലക്കും പിഴയും കോൺമെബോൾ നൽകിയിരിക്കുന്നത്.

അർജന്റീന രണ്ടു മത്സരങ്ങളിലും വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിനാൽ സ്‌കലോണിയുടെ വിലക്ക് യാതൊരു തരത്തിലും ടീമിനെ ബാധിക്കില്ല. അതുകൊണ്ടു തന്നെ ആരാധകർ അതിനെ നിസാരമായാണ് കാണുന്നത്. എന്നാൽ സ്‌കലോണിയെ സംബന്ധിച്ച് അതങ്ങിനെയല്ലെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ സഹപരിശീലകൻ വാൾട്ടർ സാമുവൽ പറയുന്നത്.

“ഞങ്ങൾക്ക് ഇന്നാണ് ആ വാർത്ത ലഭിച്ചത്, അത് ഞെട്ടലുണ്ടാക്കിയ കാര്യമായിരുന്നു. ഞങ്ങൾ വളരെ കൃത്യതയുള്ള കോച്ചിങ് സ്റ്റാഫാണെന്ന് കരുതുന്നതിനാലും ആറു വർഷത്തിനിടെ ഒരിക്കലും ഇങ്ങിനെയൊരു നടപടി ഉണ്ടായിട്ടില്ല എന്നതു കൊണ്ടും സ്‌കലോണിക്ക് വിഷമമുണ്ട്. ടീമിനൊപ്പം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിലും കോൺമെബോളിന്റെ തീരുമാനം മാനിക്കുന്നു.” സാമുവൽ പറഞ്ഞു.

സ്‌കലോണി പെറുവിനെതിരെ ഉണ്ടാകില്ലെന്നിരിക്കെ ആരാകും അർജന്റീന ടീമിനെ നയിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. വാൾട്ടർ സാമുവലാണ് മാധ്യമങ്ങളോട് സംസാരിക്കാൻ എത്തിയതെങ്കിലും ടീമിന്റെ മുഖ്യ പരിശീലകനായി ഡഗ് ഔട്ടിൽ ഉണ്ടാവുക പാബ്ലോ അയ്‌മറോ റോബർട്ടോ അയാളയോ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പെറുവിനെതിരായ മത്സരം അർജന്റീനക്ക് പ്രധാനമല്ല എന്നതിനാൽ തന്നെ ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. യുവതാരങ്ങളിൽ പലർക്കും ഈ മത്സരത്തിൽ അവസരം ലഭിക്കുന്നുണ്ടാകും. അവരെ അടുത്ത് നിന്ന് സൂക്ഷ്‌മമായി നിരീക്ഷിക്കാനുള്ള അവസരം സ്‌കലോണിക്ക് നഷ്‌ടമാകുമെന്നത് വലിയൊരു നിരാശ തന്നെയാണ്.

ArgentinaCONMEBOLLionel Scaloni
Comments (0)
Add Comment