അമേരിക്കയിലേക്ക് ചേക്കേറിയ ലയണൽ മെസി മികച്ച പ്രകടനമാണ് ഓരോ മത്സരത്തിലും നടത്തുന്നത്. താരത്തെ രണ്ടു കയ്യും നീട്ടിയാണ് അവിടെയുള്ള ആരാധകർ സ്വാഗതം ചെയ്‌തിരിക്കുന്നതും. മെസിയുടെ ക്ലബായ ഇന്റർ മിയാമി എതിരാളികളുടെ മൈതാനത്ത് കളിക്കുമ്പോൾ പോലും താരത്തിനു വേണ്ടി ചാന്റുകൾ ഉയരുന്നത് അതിന്റെ തെളിവാണ്. എന്നാൽ അതിനു വിരുദ്ധമായ ചില കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന ലീഗ് മത്സരത്തിനു ശേഷം ഉണ്ടായത്.
ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഇന്റർ മിയാമി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. ലയണൽ മെസി ഗോളൊന്നും നേടിയില്ലെങ്കിലും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയ താരം മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് നടത്തിയത്. ലോസ് ഏഞ്ചൽസ് എഫ്‌സി മത്സരത്തിൽ പല കണക്കുകളിലും മുന്നിട്ടു നിന്നിരുന്നെങ്കിലും മെസിയുടെ വ്യക്തിഗത മികവ് മത്സരത്തിന്റെ ഫലത്തെ സ്വാധീനിച്ചുവെന്നതിൽ സംശയമില്ല.
Who threw a water bottle at Messi man 😐
(via @axedd11) pic.twitter.com/r9ZrXY5y3n
— USMNT Only (@usmntonly) September 4, 2023
മത്സരത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്‌തു കൊണ്ട് മെസി ഡ്രസിങ് റൂമിലേക്ക് ചേക്കേറുമ്പോഴാണ് ദൗർഭാഗ്യകരമായ സംഭവം നടന്നത്. ഗ്യാലറിൽ നിന്നും വെള്ളം നിറച്ച ഒരു കുപ്പി മെസിക്ക് നേരെ വളരെ ശക്തിയിൽ വന്നു. എന്നാൽ ഭാഗ്യവശാൽ അത് താരത്തിന്റെ ദേഹത്ത് കൊണ്ടില്ല. ലയണൽ മെസിയും താരത്തിന്റെ ബോഡിഗാർഡും അനുഗമിച്ചിരുന്ന മറ്റുള്ളവരുമെല്ലാം ഈ സംഭവത്തിൽ ഒന്ന് ഞെട്ടിയെന്നു വീഡിയോയിൽ നിന്നും വ്യക്തമാണ്.
ആരാണ് കുപ്പി എറിഞ്ഞതെന്നും അത് മെസിയെത്തന്നെയാണോ ഉന്നം വെച്ചതെന്നും വ്യക്തമല്ലെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. പലരും പറയുന്നത് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുടെ ആരാധകരാകും ഇത് ചെയ്‌തിട്ടുണ്ടാവുകയെന്നാണ്. അമേരിക്കയിൽ ലയണൽ മെസിക്കെതിരെ പിഎസ്‌ജി അൽട്രാസ് ബാനർ ഉയർത്തിയിരുന്നു. ക്ലബ് വിട്ടിട്ടും മെസിയോടുള്ള ദേഷ്യം ഉള്ളിൽ കൊണ്ട് നടക്കുന്ന അവർ തന്നെയാകും ഇതിനു പിന്നിലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.
Water Bottle Thrown At Messi After MLS Match