ഇത് വലിയൊരു അപരാധമാണ്, ഇന്ത്യ 2026 ലോകകപ്പ് കളിക്കണമെന്ന് ആഴ്‌സൺ വെങ്ങർ | Wenger

ഇന്ത്യ ഫുട്ബോളിൽ വലിയൊരു മാറ്റത്തിന്റെ കാറ്റു വീശിക്കൊണ്ടിരിക്കുകയാണ്. ഫുട്ബോളിനെ ഗ്രാസ് റൂട്ടിൽ നിന്നും വികസിപ്പിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ മികച്ചൊരു ടീമിനെ ഉണ്ടാക്കിയെടുക്കാനും ലോകകപ്പ് അടക്കമുള്ള പ്രധാന ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങൾ സജീവമായി ഇന്ത്യയിലെ നേതൃത്വം നടത്തുന്നുണ്ട്. ഐഎസ്എൽ ആരംഭിച്ചതിനു ശേഷം കൂടുതൽ മെച്ചപ്പെട്ട ഇന്ത്യൻ ഫുട്ബോളിൽ മറ്റു പല പ്രവർത്തനങ്ങളും ആരംഭിക്കുന്നത് നമുക്ക് കാണാൻ കഴിയുന്നുണ്ട്.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് നേതൃത്വം നൽകുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിലെ വിഖ്യാത പരിശീലകനായ ആഴ്‌സൺ വെങ്ങർ കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയത്. ഭുവനേശ്വറിൽ എഐഎഫ്എഫിന്റെ കീഴിൽ ആരംഭിക്കുന്ന ലോകോത്തര അക്കാദമി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ഇന്ത്യയും ഖത്തറും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം കാണുകയും ചെയ്‌തു. അതിനു മുൻപ് സംസാരിക്കുമ്പോൾ അദ്ദേഹം ഇന്ത്യയിൽ ഫുട്ബോൾ വളരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

“ഞാനൊരു ആവേശമുള്ള ഫുട്ബോൾ പ്രേമിയാണ്, ഇന്ത്യയിലെ ഫുട്ബോൾ ചരിത്രത്തിലും അതിന്റെ വികാസത്തിലും ഞാൻ ആകൃഷ്ടനാണ്. ഫിഫയുടെ ഫുട്ബോൾ ഡെവലപ്മെന്റ് മേധാവി എന്ന നിലയിൽ 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ ശക്തമായ ഫുട്ബോൾ രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇല്ല എന്നത് കുറ്റകരമായ കാര്യമാണ്. 2026 ലോകകപ്പിൽ 48 രാജ്യങ്ങൾ പങ്കെടുക്കുന്നതിനാൽ, ടൂർണമെന്റിലെത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കണമെന്ന് ഞാൻ കരുതുന്നു.” വെങ്ങർ പറഞ്ഞു.

ഒഡിഷയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടാലന്റ് അക്കാദമി ഉദ്ഘാടനം ചെയ്‌തതിനു ശേഷം അദ്ദേഹം പറഞ്ഞത് ഇന്ത്യൻ ഫുട്ബോൾ ഒരുപാട് കണ്ടെത്താൻ ബാക്കിയുള്ള സ്വർണഖനിയാണ് എന്നാണ്. “ഇന്ത്യയിലെ പ്രതിഭകളെ കണ്ടെത്തുക, മികച്ച പ്രതിഭകളെ ഒരുമിച്ച് ചേർക്കുക, അവർക്ക് ഒരു നല്ല പരിശീലന പരിപാടി നൽകുക, അവർക്ക് നല്ല വിദ്യാഭ്യാസവും മികച്ച മത്സരവും നൽകുക, അവരെ മികച്ച കളിക്കാരാക്കി മാറ്റുക എന്നിവയാണ് ഞങ്ങളുടെ പദ്ധതി.”

ആഴ്‌സൺ വെങ്ങറെപ്പോലെയുള്ള ഒരു വ്യക്തിത്വം നിരന്തരമായി ഇടപെട്ടാൽ ഇന്ത്യയിലെ ഫുട്ബോൾ ഒരുപാട് വളർച്ച കൈവരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഫുട്ബോളിനെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അവബോധമാണുള്ളത്. ലോകത്തിൽ ഫുട്ബോളിന് വേരോട്ടമുള്ള എല്ലാ സ്ഥലങ്ങളിലും അത് വികസിപ്പിച്ചെടുക്കാൻ വേണ്ടി ഫിഫ കൃത്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നതിനാൽ തന്നെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷിക്കാം.

Wenger Says Its Criminal That India Not Strong In Football

AIFFArsene WengerIndiaIndian Football
Comments (0)
Add Comment