കഴിഞ്ഞ ദിവസം നടന്ന ഡ്യുറന്റ് കപ്പ് ഫൈനലിൽ കിരീടമുയർത്തിയത് ഇന്ത്യൻ ഫുട്ബോളിലെ ശക്തികേന്ദ്രങ്ങളിലൊന്നായ ബെംഗളൂരു എഫ്‌സിയാണ്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചാണ് ബെംഗളൂരു വിജയം നേടിയത്. ശിവശക്തി, അലൻ കോസ്റ്റ എന്നിവർ ബെംഗളുരുവിന്റെ ഗോളുകൾ നേടിയപ്പോൾ അപുയിയാണ് മുംബൈ സിറ്റി എഫ്‌സിയുടെ ആശ്വാസഗോൾ മത്സരത്തിൽ കുറിച്ചത്.
അതേസമയം മത്സരത്തിനു ശേഷമുള്ള കിരീടദാനചടങ്ങിനിടെയുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിരീടം വാങ്ങുന്നതിനിടെ ബെംഗളൂരു നായകൻ സുനിൽ ഛേത്രിയെ പശ്ചിമബംഗാൾ ഗവർണറായ ലാ ഗണേശൻ അവിടെ നിന്നും തള്ളി മാറ്റുന്നതിന്റെ ദൃശ്യങ്ങളെപ്പറ്റി ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നു. വ്യാപകമായ പ്രതിഷേധമാണ് ഗവർണറുടെ പ്രവൃത്തിക്കെതിരെ ഉയരുന്നത്.
ഫൈനൽ വിജയം നേടി കപ്പ് സ്വീകരിക്കാനെത്തി സുനിൽ ഛേത്രി കിരീടവുമായി ഫോട്ടോക്കു പോസ് ചെയ്യുന്നതിനിടെയാണ് ഗവർണർ ഛേത്രിയെ തള്ളിമാറ്റുന്നത്. ഫോട്ടോയിൽ മുഖം വരുന്നതിനു വേണ്ടിയാണ് ഛേത്രിയെ അദ്ദേഹം മാറ്റുന്നത്. ഗവർണറുടെ പ്രവൃത്തി ഛേത്രിയെ ചെറുതായി അമ്പരിപ്പിച്ചെങ്കിലും യാതൊരു കുഴപ്പവും കൂടാതെ താരം അവിടെ നിന്നും മാറി നിൽക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമെ ഫൈനലിൽ ഗോൾ നേടിയ ശിവശക്തിയെ മറ്റൊരു അതിഥി മാറ്റി നിർത്തുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
West Bengal Governor La. Ganesan pushes Sunil Chhetri aside for a PHOTO during the Durand Cup trophy ceremony.#DurandCup2022 #BengaluruFC @chetrisunil11 pic.twitter.com/lqVuc9a06G
— Sports Tak (@sports_tak) September 19, 2022
ദൃശ്യങ്ങൾ സോഷ്യൽ മീഡിയകൾ വഴി ഷെയർ ചെയ്യുന്ന ആരാധകർ കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തുന്നത്. ഇത് കിരീടം നേടിയ ടീമിനെയും അതിന്റെ നായകനെയും അപമാനിക്കുന്നതിനു തുല്യമാണെന്നും ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു ഇന്ത്യൻ ഫുട്ബോൾ താരത്തോട് ഇത്തരത്തിൽ ചെയ്യുന്നത് മര്യാദകേടാണെന്നും അവർ പറയുന്നു. ഇന്ത്യയിൽ ഫുട്ബോളിന് വളർച്ച നേടാൻ കഴിയാത്തതിന് കാരണം ഇത്തരം രാഷ്ട്രീയക്കാരാണെന്നും അവർ പരാമർശിക്കുന്നു.
ഇന്ത്യൻ ഫുട്ബോളിൽ നിരവധി കിരീടങ്ങൾ നേടിയ ടീമാണ് ബെംഗളൂരു എഫ്‌സി. ഐ ലീഗ്, ഐഎസ്എൽ, ഫെഡറേഷൻ കപ്പ് എന്നിവ നേടിയ അവരുടെ ആദ്യത്തെ ഡ്യുറന്റ് കപ്പ് കിരീടമാണ് കഴിഞ്ഞ ദിവസം നേടിയത്. ഇതോടെ ഐഎസ്എല്ലിന് ആത്മവിശ്വാസത്തോടെ ഇറങ്ങാൻ ടീമിന് കഴിയും.