സൂപ്പർതാരങ്ങളടക്കം പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സ് നൽകുന്നത് വലിയൊരു സൂചനയാണ് | Kerala Blasters

ഇത്തവണയും കിരീടങ്ങളൊന്നുമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ അവസാനിപ്പിച്ചത്. നിരവധി വർഷങ്ങളായി ക്ലബിന് പിന്നിൽ അടിയുറച്ചു നിൽക്കുന്ന വലിയൊരു വിഭാഗം ആരാധകർക്ക് ആഘോഷിക്കാൻ ഏതാനും മത്സരങ്ങളിലെ വിജയമല്ലാതെ കിരീടനേട്ടം നൽകാൻ ഈ സീസണിലും ക്ലബിന് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ക്ലബ് നേതൃത്വത്തിനെതിരെ ആരാധകർ വിമർശനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതിനിടയിൽ ടീമിലെ നിരവധി താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. ടീമിന്റെ നായകനായ ജെസ്സൽ, മലയാളി താരം സഹൽ അബ്ദുൽ സമദ്, ആയുഷ് അധികാരി, ഗോൾകീപ്പറായ ഗിൽ എന്നിവരെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഇതെല്ലാം റിപ്പോർട്ടുകളാണെങ്കിലും മാർക്കസ് മെർഗുലാവോ പറയുന്നത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായ വില ലഭിച്ചാൽ ഏതു താരത്തെയും വിൽക്കാൻ തയ്യാറാകുമെന്ന് തന്നെയാണ്.

അതേസമയം പ്രധാന താരങ്ങൾ ഉൾപ്പെടെയുള്ളവരെ വിറ്റഴിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നുണ്ടെങ്കിൽ അതിൽ ക്ലബ് കൈമാറ്റത്തിന്റെ സൂചനകൾ കൂടിയുണ്ട്. ക്ലബ്ബിനെ ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. മിഡിൽ ഈസ്റ്റ് മേഖലയിലുള്ള ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്‌സിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കേരളത്തിലും ഗൾഫ് മേഖലയിലും ക്ലബിനുള്ള പിന്തുണ തന്നെയാണ് ഇതിനു കാരണം.

വലിയ ആരാധകപിന്തുണയുള്ള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെ ഏതെങ്കിലും ഗ്രൂപ്പുകൾ ഏറ്റെടുത്താൽ അത് ഇന്ത്യയിലെ മാത്രമല്ല, സാഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ് ഏറ്റെടുക്കലായി മാറും. അടുത്ത സീസൺ ആരംഭിക്കുന്നതിനു മുൻപ് ഇക്കാര്യത്തിൽ ഒരു തീരുമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാർത്ത ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്കും വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

നിലവിലുള്ള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ ആരാധകർക്ക് പൂർണമായും താൽപര്യമില്ല. പുതിയ നേതൃത്വം വന്ന് ക്ലബിൽ കൂടുതൽ പണം ചിലവഴിക്കാൻ തയ്യാറായാൽ കിരീടങ്ങൾ ടീമിന് സ്വന്തമാക്കാൻ കഴിയും. അതിനു പുറമെ ഫുട്ബോളിന് വളരെയധികം വേരോട്ടമുള്ള കേരളത്തിൽ മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും കൃത്യമായി നടപ്പിലാകും.

What Kerala Blasters Hints By Selling Players

Indian Super LeagueISLKerala Blasters
Comments (0)
Add Comment