നിരവധി വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പറാണ് ഡേവിഡ് ഡി ഗിയ. ഇക്കാലയളവിൽ മികച്ചതും മോശവുമായ സമയങ്ങളിലൂടെ താരം കടന്നു പോയിട്ടുണ്ട്. പിഴവുകൾ ചിലപ്പോഴൊക്കെ വരുത്താറുണ്ടെങ്കിലും പല മത്സരങ്ങളിലും തന്റെ അവിശ്വസനീയമായ സേവുകൾ കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഡി ഗിയ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ടീമിന്റെ പ്രധാന ഗോൾകീപ്പറായി ഡി ഗിയ തുടരുന്നത്.
ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരവും അത്തരത്തിലൊന്നായിരുന്നു. മാർക്കസ് റാഷ്ഫോഡ് നേടിയ ഒരേയൊരു ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ അവരെ രക്ഷിച്ചത് ഗോൾകീപ്പർ ഡി ഗിയയുടെ സേവുകൾ കൂടിയായിരുന്നു. ഗോളെന്നുറപ്പിച്ച ചിലതുൾപ്പെടെ മത്സരത്തിൽ നാല് സേവുകൾ നടത്തിയ ഡി ഗിയയാണ് സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയവും ക്ലീൻ ഷീറ്റും സമ്മാനിച്ചത്.
എന്നാൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും സ്പെയിൻ ദേശീയ ടീമിൽ നിന്നും ഡി ഗിയ തഴയപ്പെടുകയാണ്. പ്രധാനമായും ലൂയിസ് എൻറിക്വ പരിശീലകനായി എത്തിയതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ദേശീയടീമിൽ നിന്നും സ്ഥിരമായി ഒഴിവാക്കപ്പെടാൻ തുടങ്ങിയത്. ലോകകപ്പിനുള്ള സ്പെയിൻ ടീമിന്റെ അൻപത്തിയഞ്ചു താരങ്ങളുടെ പ്രാഥമിക ലിസ്റ്റിലും താരം ഇടം പിടിച്ചിട്ടില്ലെന്നാണ് സൂചനകൾ. മികച്ച ഫോമിൽ നിൽക്കുമ്പോഴും താരം സ്പെയിൻ ടീമിൽ നിന്നും തഴയപ്പെടുന്നത് എന്തു കൊണ്ടാണെന്ന് ആരാധകർ ചിന്തിക്കുകയും ചെയ്യുന്നു.
എന്നാൽ എന്തു കൊണ്ട് ഡി ഗിയ തന്റെ ടീമിലില്ലെന്നതിനെ കുറിച്ച് പരിശീലകൻ ലൂയിസ് എൻറിക്വക്ക് വ്യക്തമായ ഉത്തരമുണ്ട്. ഒരു ഷോട്ട് സ്റ്റോപ്പർ എന്ന നിലയിൽ മികച്ചു നിൽക്കുമ്പോഴും പന്തിന്മേലുള്ള നിയന്ത്രണവും പന്തടക്കവും ഡി ഗിയക്ക് കുറവാണ്. ഗോൾകീപ്പറിൽ നിന്നും നീക്കങ്ങൾ ആരംഭിക്കുന്ന തരത്തിലുള്ള ശൈലി കളിക്കളത്തിൽ അവലംബിക്കുന്ന എൻറിക്വയുടെ ടീമിന് ഡി ഗിയ ചേരുന്ന താരമല്ലെന്ന് സ്പെയിനിന്റെ ആരാധകർ വരെ സമ്മതിച്ചു തരും. അത്ലറ്റിക് ബിൽബാവോ ഗോൾകീപ്പർ ഉനൈ സിമോൺ, ബ്രൈറ്റണിന്റെ റോബർട്ട് സാഞ്ചസ്, ബ്രെന്റഫോഡിന്റെ ഡേവിഡ് റയ എന്നിവരെയാണ് എൻറിക്വ പരിഗണിക്കുന്നത്.
തന്റെ പദ്ധതിക്ക് ഡി ഗിയ അനുയോജ്യനല്ലാത്തതിനാൽ തന്നെ എൻറിക്വ പരിശീലകനായി ഇരിക്കുന്ന കാലത്തോളം താരത്തിന് സ്പെയിൻ ദേശീയ ടീമിൽ അവസരങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇനി മേൽപ്പറഞ്ഞ താരങ്ങളിൽ ആർക്കെങ്കിലും പരിക്കേറ്റു ലോകകപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ ഡി ഗിയയെ പരിഗണിക്കാൻ സാധ്യതയുള്ളൂ. എന്നാലും ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി താരത്തെ എൻറിക്വ പരിഗണിക്കാൻ യാതൊരു സാധ്യതയും ഉണ്ടാകില്ല.