നടന്നു കളിക്കളം ഭരിക്കുന്ന മെസിയും എതിരാളികളെ ഓടിത്തോൽപ്പിക്കുന്ന എംബാപ്പയും ഏറ്റുമുട്ടുമ്പോൾ

ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ഞായറാഴ്‌ച രാത്രിയിൽ ലുസൈൽ മൈതാനത്ത് തുടക്കമാകുമ്പോൾ അത് ലോകഫുട്ബോളിലെ രണ്ടു പ്രധാന താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി നേരത്തെ സ്വന്തമാക്കിയ, തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന മുപ്പത്തിയഞ്ചുകാരനായ ലയണൽ മെസിയും ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറുമെന്ന ഇച്ഛാശക്തിയോടെ ഓരോ റെക്കോർഡുകളും തകർത്തെറിഞ്ഞു മുന്നോട്ടു കുതിക്കുന്ന ഇരുപത്തിമൂന്നു വയസുളള കിലിയൻ എംബാപ്പയും തമ്മിലുള്ള പോരാട്ടം കൂടിയാണ് ലോകകപ്പ് ഫൈനൽ.

രണ്ടു വ്യത്യസ്‌തമായ ശൈലിയിൽ നിലവിൽ കളിക്കുന്ന താരങ്ങൾ കൂടിയാണിവർ എന്നതും ശ്രദ്ധേയമാണ്. ലയണൽ മെസി കളിയുടെ ഭൂരിഭാഗവും വളരെ സാവധാനത്തിൽ നടന്നു കൊണ്ടാണ് മത്സരത്തെ നിയന്ത്രിക്കുന്നത്. ആദ്യകാലങ്ങളിൽ പന്ത് ലഭിക്കുന്ന സമയത്തെല്ലാം എതിരാളികളെ ഡ്രിബിൾ ചെയ്‌ത്‌ മുന്നേറിയിരുന്ന താരമായിരുന്നു മെസിയെങ്കിൽ ഇപ്പോൾ സാവധാനത്തിൽ മുന്നോട്ടു നീങ്ങി നല്ല പാസുകളും എതിർ പ്രതിരോധനിരയിലെ വിടവുകളും കണ്ടെത്തുകയാണ് മെസി പ്രധാനമായും ചെയ്യുന്നത്. ലയണൽ മെസി നടന്നു കൊണ്ട് കളിക്കളം ഭരിക്കുന്നത് വളരെ മുൻപ് തന്നെ ചർച്ചയായിട്ടുള്ള കാര്യവുമാണ്.

അതേസമയം വേഗതയാണ് എംബാപ്പയുടെ പ്രധാന ആയുധം. ഏതു പ്രതിരോധതാരത്തെയും തന്റെ വേഗത കൊണ്ടും പെട്ടന്ന് വെട്ടിയൊഴിഞ്ഞു മുന്നോട്ടു പോകാൻ കഴിയുന്ന നീക്കങ്ങൾ കൊണ്ടും മറികടക്കാൻ എംബാപ്പെക്ക് കഴിയുന്നു. ലോകകപ്പിലെ ഓരോ മത്സരങ്ങളിലും എംബാപ്പയുടെ അതിവേഗതയിലുള്ള നീക്കങ്ങൾ എതിരാളികൾക്ക് തലവേദന സൃഷ്‌ടിക്കുന്നത് നമ്മൾ കണ്ടു കഴിഞ്ഞു. എംബാപ്പയുടെ വേഗത പ്രത്യാക്രമണങ്ങളിൽ ഫ്രാൻസ് ടീമിന് വളരെയധികം മുൻ‌തൂക്കം നൽകുന്നുണ്ട്. അതിനൊപ്പം ബോക്സിന്റെ ഏതു പൊസിഷനിൽ നിന്നും വലതുളച്ചു കയറുന്ന ഷോട്ടുകൾ ഉതിർക്കാനുള്ള കഴിവും എംബാപ്പെയെ അത്യന്തം അപകടകാരിയാക്കുന്നു.

രണ്ടു താരങ്ങളും അവരുടെ ടീമിനായി ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്. ലയണൽ മെസി അഞ്ചു ഗോളുകളും മൂന്നു അസിസ്റ്റുകളും ഇതുവരെ നേടിയപ്പോൾ എംബാപ്പെ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഫ്രാൻസ് ടീമിനായി സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഇവർ തമ്മിൽ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടം കൂടി നടക്കുന്നുണ്ട്. നാല് ഗോളുകൾ വീതം നേടിയ ഫ്രാൻസിന്റെ ഒലിവർ ജിറൂദും അർജന്റീനയുടെ ജൂലിയൻ അൽവാരസും ഇവർക്കൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടത്തിലുണ്ട്.

തകർപ്പൻ പ്രകടനം നടത്തി കഴിഞ്ഞ ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കാൻ സഹായിച്ച എംബാപ്പെ തുടർച്ചയായ രണ്ടാമത്തെ ലോകകിരീടം ലക്ഷ്യമിടുമ്പോൾ ഇനിയൊരു ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയുമെന്നുറപ്പില്ലാത്ത ലയണൽ മെസി കരിയറിന്റെ പൂർണതയാണ് തേടുന്നത്. ലുസൈൽ മൈതാനത്ത് അവസാനവിസിൽ മുഴങ്ങുമ്പോൾ ആരാണ് ചിരിക്കുകയെന്നും ആരുടെ കണ്ണീരാണ് വീഴുകയെന്നുമറിയാൻ ഇനി മണിക്കൂറുകളുടെ സമയം മാത്രം.

ArgentinaFranceKylian MbappeLionel MessiQatar World Cup
Comments (0)
Add Comment