ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായ എൽ ക്ലാസിക്കോ ഇന്നു രാത്രി നടക്കാനിരിക്കുമ്പോൾ ബാഴ്സലോണ മോശം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്റർനാഷണൽ ബ്രേക്ക് അവസാനിച്ചപ്പോൾ നാല് പ്രതിരോധ താരങ്ങൾക്കു പരിക്കു പറ്റിയത് ബാഴ്സയുടെ പ്രകടനത്തെ പിന്നോട്ടു വലിച്ചപ്പോൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകുമെന്ന സാഹചര്യത്തിലാണ് അവരിപ്പോൾ നിൽക്കുന്നത്. അതേസമയം സീസണിലിതു വരെ ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് റയൽ മാഡ്രിഡ് എൽ ക്ലാസിക്കോ മത്സരത്തിനായി തയ്യാറെടുക്കുന്നത്.
എന്നാൽ യൂറോപ്പിൽ തങ്ങൾക്കേറ്റ തിരിച്ചടികൾ ലീഗിൽ ബാധകമാകില്ലെന്നാണ് ബാഴ്സലോണ പരിശീലകനായ സാവി എൽ ക്ലാസിക്കോ മത്സരത്തെക്കുറിച്ച് പറയുന്നത്. പരിക്കു മൂലം നിരവധി പ്രധാനതാരങ്ങളെ നഷ്ടമായെങ്കിലും റയൽ മാഡ്രിഡിനെ തോൽപ്പിക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് സാവി ഉറച്ചു വിശ്വസിക്കുന്നു. നിലവിൽ ലാ ലിഗയിൽ രണ്ടു ടീമിനും ഒരേ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ മുന്നിൽ നിൽക്കുന്ന ബാഴ്സലോണ അത് നിലനിർത്താമെന്ന വിശ്വാസത്തിലാണ് റയൽ മാഡ്രിഡിനെതിരെ ഇറങ്ങുന്നത്.
“ഞങ്ങൾ ഒരിക്കലും തോൽക്കാൻ പാടില്ലാതിരുന്ന ഒരു മത്സരത്തിൽ ഞങ്ങൾ തോറ്റു. എനിക്കും വളരെ വിഷമമുണ്ട്. പക്ഷെ പോസിറ്റിവ് മനോഭാവത്തോടെ തുടരണം. ഞങ്ങൾ യൂറോപ്പിലാണ് പരാജയപ്പെടുന്നത്, ലാ ലിഗയിലല്ല. യോൻ ലപോർട്ടക്ക് വളരെ പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം എനിക്കും നൽകിയിട്ടുണ്ട്. ഞങ്ങൾ ശരിയായ പാതയിൽ തന്നെയാണുള്ളത്.” സാവി മത്സരത്തിനു മുൻപ് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു.
Xavi's getting a little too excited about El Clasico 😅
— GOAL News (@GoalNews) October 15, 2022
റയൽ മാഡ്രിഡിനെതിരായ മത്സരം തന്റെ വികാരങ്ങളെ ഉണർത്തുന്ന ഒന്നാണെന്നും സാവി പറഞ്ഞു. ഇന്ററിനെതിരെ നടന്നതടക്കം ഇതുപോലെയുള്ള മത്സരങ്ങൾ വളരെയധികം പ്രചോദനം തരുന്നുണ്ടെന്നും വിജയം നേടിയാൽ ലീഗിൽ ലീഡ് വർധിപ്പിക്കാൻ കഴിയുമെന്നും സാവി പറഞ്ഞു. ഒരു താരമെന്ന നിലയിലാണ് ഇതുപോലെയുള്ള മത്സരങ്ങൾ കൂടുതൽ ആസ്വദിക്കാൻ കഴിയുകയെന്നും ഇപ്പോൾ കളിക്കാരെ നല്ല രീതിയിൽ നിലനിർത്തുകയെന്ന ഉത്തരവാദിത്വം തനിക്കുണ്ടെന്നും സാവി പറഞ്ഞു.
ഇതിനു മുൻപ് ലീഗിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ മത്സരത്തിൽ റയലിന്റെ മൈതാനത്ത് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ വിജയിച്ചത്. അതിനു പുറമെ പ്രീ സീസൺ മത്സരത്തിലും ടീം വിജയം നേടി. ജൂൾസ് കൂണ്ടെ തിരിച്ചെത്തുന്നത് ബാഴ്സലോണക്ക് സന്തോഷവാർത്തയാണെങ്കിലും അറഹോ, ക്രിസ്റ്റിൻസെൻ, ബെല്ലെറിൻ എന്നീ താരങ്ങളെല്ലാം ഇപ്പോഴും പരിക്കേറ്റു പുറത്താണ്.