മെസിയില്ലെങ്കിൽ ഞാൻ വരാമെന്ന് നെയ്‌മർ, അതു ഞങ്ങളുടെ പ്ലാനിലില്ലെന്ന് സാവി | Neymar

കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നില്ലെന്ന തന്റെ തീരുമാനം ലയണൽ മെസി അറിയിച്ചത്. യൂറോപ്പ് തന്നെ വിടുകയാണെന്നു പ്രഖ്യാപിച്ച ലയണൽ മെസി ഇനി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലാണ് കളിക്കുക. ഇതോടെ നിരവധി മാസങ്ങളായി നിലനിന്നിരുന്ന താരത്തിന്റെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനമായെങ്കിലും ആരാധകർക്ക് വലിയ നിരാശയാണ് മെസിയുടെ തീരുമാനം സമ്മാനിച്ചത്.

ലയണൽ മെസിയുടെ തീരുമാനത്തിനു പിന്നാലെ നെയ്‌മർ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള താൽപര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. പിഎസ്‌ജി ആരാധകർ വീടിനു മുന്നിലടക്കം പ്രതിഷേധം നടത്തിയതോടെ ഈ സമ്മറിൽ ക്ലബ് വിടാൻ ബ്രസീലിയൻ താരം ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് നെയ്‌മർ ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള താൽപ്പര്യം അറിയിച്ചതെന്ന് സ്പോർട്ട് വെളിപ്പെടുത്തിയത്.

എന്നാൽ നെയ്‌മർ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ മുളയിൽ തന്നെ തള്ളിക്കളയുകയാണ് ബാഴ്‌സലോണ പരിശീലകനായ സാവി ചെയ്‌തത്. “അതെനിക്ക് ആശ്ചര്യമുണ്ടാക്കുന്ന വാർത്തയാണ്. നെയ്‌മർ ഞങ്ങളുടെ പദ്ധതിയിൽ തന്നെയില്ല. ഒരു സുഹൃത്തെന്ന നിലയിൽ നെയ്‌മറെ എനിക്ക് വളരെ ഇഷ്‌ടമാണ്‌. പക്ഷെ ഞങ്ങൾക്ക് വ്യത്യസ്‌തമായ മറ്റുള്ള പരിഗണനകളുണ്ട്.” സാവി പറഞ്ഞു.

ഈ സമ്മറിൽ നെയ്‌മർ പിഎസ്‌ജി വിടുമെന്ന കാര്യം ഉറപ്പാണ്. സാവിയുടെ വാക്കുകൾ താരത്തിനായി ബാഴ്‌സലോണ ശ്രമം നടത്തുന്നില്ലെന്ന് വ്യക്തമാക്കുന്നു. അതേസമയം നെയ്‌മർക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രീമിയർ ലീഗിലേക്ക് തന്നെയാകും നെയ്‌മർ ചേക്കേറാൻ സാധ്യത.

Xavi Denies Neymar To Barcelona Rumours

FC BarcelonaNeymarXavi
Comments (0)
Add Comment