ഫുട്ബോളിലെ ആദ്യത്തെ 360 ഡിഗ്രി സേവ്, ബയേൺ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ആരാധകർ | Yann Sommer

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന വമ്പൻ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ തകർത്തെറിയുന്ന പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി നടത്തിയത്. സ്വന്തം മൈതാനത്ത് ക്വാർട്ടർ ഫൈനൽ കളിക്കാനിറങ്ങിയ അവർ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം ബയേൺ മ്യൂണിക്കിനെതിരെ നേടി. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചതു പോലെയാണ് പെപ് ഗ്വാർഡിയോളയും സംഘവും നിൽക്കുന്നത്.

മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച മാഞ്ചസ്റ്റർ സിറ്റി ഇരുപത്തിയേഴാം മിനുട്ടിൽ തന്നെ മുന്നിലെത്തിയിരുന്നു.മധ്യനിര താരം റോഡ്രിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം രണ്ടാം പകുതിയിലാണ് സിറ്റിയുടെ മറ്റു രണ്ടു ഗോളുകളും വരുന്നത്. ഏർലിങ് ഹാലാൻഡിന്റെ അസിസ്റ്റിൽ ബെർണാർഡോ സിൽവ രണ്ടാം ഗോൾ നേടിയപ്പോൾ എർലിങ് ഹാലാൻഡ് തന്നെയാണ് ടീമിന്റെ മൂന്നാമത്തെ ഗോൾ കുറിച്ചത്.

മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ സിറ്റി മൂന്നു ഗോളിൽ ഒതുങ്ങാൻ കാരണം ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ യാൻ സൊമ്മറുടെ പ്രകടനമാണെന്നതിൽ തർക്കമില്ല. മത്സരത്തിൽ ആറു സേവുകളാണ് ഈ സീസണിൽ ബയേൺ മ്യൂണിക്കിൽ എത്തിയ താരം നടത്തിയത്. സോമ്മറുടെ മികച്ച പ്രകടനം ഇല്ലായിരുന്നെങ്കിൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏഴു ഗോളുകൾക്കെങ്കിലും വിജയം നേടിയേനെ.

ബയേൺ ഗോൾകീപ്പർ മത്സരത്തിനിടയിൽ നടത്തിയ ഒരു സേവ് ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. കെവിൻ ഡി ബ്രൂയ്ൻ വലതു വിങ്ങിൽ നിന്നും നൽകിയ ഒരു ക്രോസ് പഞ്ച് ചെയ്‌തകറ്റിയ സോമ്മർ 360 ഡിഗ്രിയിൽ തിരിഞ്ഞതിനു ശേഷമാണ് നിലത്തു വീണത്. താരം നിലത്തു വീണപ്പോൾ തന്നെ ആ സേവിന്റെ റീബൗണ്ടിൽ നിന്നും ഗുൻഡോഗൻ ഷോട്ടുതിർത്തെങ്കിലും അത് കാലു കൊണ്ട് തട്ടിയകറ്റി സോമ്മർ ഹീറോയായി മാറി.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ആദ്യത്തെ 360 ഡിഗ്രി സേവാണതെന്നാണ് ആരാധകർ ട്വിറ്ററിൽ ചർച്ച ചെയ്യുന്നത്. താരത്തിന്റെ പ്രകടനത്തെയും ഏവരും പ്രശംസിക്കുന്നു. ഈ സീസണിൽ ന്യൂയറിനു പരിക്ക് പറ്റിയതിനെ തുടർന്നാണ് സോമ്മർ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയത്. ഇനി ന്യൂയറിന്റെ സ്ഥാനം താൻ എടുക്കുമെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്.

Content Highlights: Yann Sommer Saves Against Manchester City

Bayern MunichManchester CityYann Sommer
Comments (0)
Add Comment