റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവിടം വിട്ടതിനു ശേഷം മറ്റൊരു ടീമിന്റെ പരിശീലകസ്ഥാനം സിദാൻ ഏറ്റെടുത്തിട്ടില്ല. നിരവധി ക്ലബുകളെയും സിദാനെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു ക്ലബിനെയും സിദാൻ പരിഗണിച്ചിട്ടില്ല. ഫ്രാൻസിന്റെ പരിശീലകസ്ഥാനം അദ്ദേഹം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 2026 വരെ ദെഷാംപ്‌സിനു കരാർ നീട്ടി നൽകിയതോടെ ആ പ്രതീക്ഷയും അവസാനിച്ചു.
എന്നാൽ സിദാൻ പരിശീലകസ്ഥാനത്തേക്ക് ഉടനെ തിരിച്ചെത്തുമെന്നാണ് ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രാൻസ് ബ്‌ള്യൂ പ്രൊവിൻസ് പുറത്തു വിട്ടതു പ്രകാരം ഫ്രഞ്ച് ക്ലബായ മാഴ്‌സയുടെ പരിശീലകനാവാനാണ് സിദാൻ സമ്മതം മൂളിയിരിക്കുന്നത്. താൻ ജനിച്ച സ്ഥലമായ മാഴ്‌സയിലെ പ്രധാന ക്ലബ്ബിനെ സൗദി അറേബ്യ സ്വന്തമാക്കിയാൽ പരിശീലകനാവാൻ സമ്മതമാണെന്നു സിദാൻ അവരെ അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
🚨 Zinedine Zidane has agreed to become the general manager of Marseille if the club is taken over by Saudi Arabia! 🇸🇦
(Source: @francebleusport) pic.twitter.com/WzFvZqG0A0
— Transfer News Live (@DeadlineDayLive) September 28, 2023
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സ്വന്തമാക്കി അവരെ ലീഗിലെ മികച്ച ക്ലബാക്കി മാറ്റിയ സൗദി അറേബ്യ യൂറോപ്പിലെ മറ്റു ലീഗുകളിലെ ക്ലബുകളെയും നോട്ടമിടുന്നുണ്ട്. താൻ പരിശീലകനായാൽ മുന്നൂറു മില്യൺ യൂറോ ട്രാൻസ്‌ഫർ ബഡ്‌ജറ്റും താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മുഴുവൻ അധികാരവും നൽകണമെന്നാണ് സിദാൻ സൗദിയോട് ആവശ്യപ്പെട്ടത്. ഇതിനു പൂർണമായും സമ്മതമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
❗️Zinedine Zidane has given his agreement to Saudi Arabia to become the General Manager of Marseille if they buy the club.
Zidane will be in-charge of recruitment, he would be given a budget of €300M. @bleuprovence 🇫🇷 pic.twitter.com/YGsWGSrmEw
— Madrid Zone (@theMadridZone) September 28, 2023
അതേസമയം സൗദി അറേബ്യ മാഴ്‌സയെ ഏറ്റെടുക്കുന്നതിന് ചില തടസങ്ങൾ നിലനിൽക്കുന്നുണ്ട്. മാഴ്‌സയുടെ നിലവിലെ ഉടമയായ ഫ്രാങ്ക് മക്കോർട്ട് ക്ലബ് വിൽപ്പനക്കില്ലെന്നാണ് ആവർത്തിച്ചു വ്യക്തമാക്കുന്നത്. എന്നാൽ ക്ലബ്ബിനെ വാങ്ങാനുള്ള നീക്കങ്ങൾ സൗദി അറേബ്യ നടത്തുന്നുണ്ട്. സിദാൻ പരിശീലകനായി വരാനുള്ള സാധ്യതയുള്ളതിനാൽ മാഴ്സെ ആരാധകർക്കും ക്ലബ്ബിനെ സൗദി അറേബ്യ ഏറ്റെടുക്കണമെന്ന ആഗ്രഹമുണ്ട്.
മാഴ്‌സയെ സൗദി അറേബ്യ ഏറ്റെടുക്കുകയും സിദാൻ പരിശീലകനായി എത്തുകയും ചെയ്‌താൽ ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിക്കുള്ള ആധിപത്യമാണ് അതോടെ ഇല്ലാതാകുന്നത്. ഒരു പതിറ്റാണ്ടിലധികമായി പിഎസ്‌ജി ഫ്രഞ്ച് ലീഗിൽ എതിരാളികളില്ലാതെ കുതിക്കുകയാണ്. എന്നാൽ സൗദി ഏറ്റെടുക്കുന്നതോടെ വമ്പൻ തുക ഒഴുക്കി ടീമിനെ മെച്ചപ്പെടുത്തി പിഎസ്‌ജിക്ക് വെല്ലുവിളി സൃഷ്‌ടിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
Zidane Agreed To Become Marseille Manager If The Club Take Over By Saudi Arabia