സിനദിൻ സിദാനെന്നെ ഫുട്ബോൾ താരത്തെപ്പറ്റി ഓർക്കുമ്പോൾ പലരുടെയും മനസിലേക്ക് വരുന്നത് 2006 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ താരമായ മാർകോ മാറ്റരാസിയെ തല കൊണ്ടിടിച്ചതിനു ചുവപ്പുകാർഡ് വാങ്ങി പുറത്തു പോകുന്ന ചിത്രമായിരിക്കും. മാറ്റരാസിയുടെ പ്രകോപനത്തിന് അടിപ്പെടാതെ അന്നാ മത്സരം സിനദിൻ സിദാൻ പൂർത്തിയാക്കിയിരുന്നുവെങ്കിൽ ഒരുപക്ഷെ ആ ലോകകപ്പ് ഫ്രാൻസിന് സ്വന്തമായേനെ. അല്ലെങ്കിലും ആ ലോകകപ്പ് അർഹിച്ചിരുന്നത് സിദാനും ഫ്രഞ്ച് ടീമുമാണെന്നതാണു യാഥാർത്ഥ്യം.
1998ലെ ലോകകപ്പ് നേടിയ ഫ്രാൻസ് ടീം അതിനു ശേഷം 2002ൽ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയിരുന്നു. 2006 ലോകകപ്പിനിറങ്ങുമ്പോൾ വയസൻ പടയെന്ന പേരുമായി കിരീടം നേടാൻ യാതൊരു സാധ്യതയും കൽപ്പിക്കാതിരുന്ന ടീമായിരുന്നു ഫ്രാൻസ്. എന്നാൽ സിനദിൻ സിദാൻ തന്റെ അവസാനത്തെ ലോകകപ്പിനായി കാത്തു വെച്ച മാന്ത്രികത ആരാധകർ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓരോ മത്സരം കഴിയുന്തോറും തന്നെ കേന്ദ്രീകരിച്ച് ടീമിനെ തന്നെ മുന്നോട്ടു കൊണ്ടുപോകുന്ന സിദാനെയാണ് ആ ടൂർണമെൻറിൽ കണ്ടത്.
Zidane – 2006 World Cup pic.twitter.com/Hc3PmV3U5h
— Amr (@_ascomps) June 30, 2022
ഗ്രൂപ്പിലെ ആദ്യത്തെ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് ഗോൾരഹിത സമനില. അതിനു ശേഷം സൗത്ത് കൊറിയയോടും 1-1 എന്ന സ്കോറിന് സമനിലയിൽ കുരുങ്ങി. ഫ്രാൻസ് വീണ്ടുമൊരു ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുമോയെന്ന ആശങ്കയുടെ ഇടയിൽ അവസാന മത്സരത്തിൽ ടോഗോക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം. അങ്ങിനെ സ്വിറ്റ്സർലാൻഡിനു പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്ക്ഔട്ടിലെത്തിയ ഫ്രാൻസിന് പ്രീ ക്വാർട്ടറിൽ എതിരാളികൾ സ്പെയിനായിരുന്നു.
സ്പെയിനെതിരെ ഫ്രാൻസിന്റെ വിജയം ആധികാരികമായിരുന്നു. ഡേവിഡ് വിയ്യ സ്പെയിനെ മുന്നിലെത്തിച്ചെങ്കിലും ഫ്രാങ്ക് റിബറി, പാട്രിക്ക് വിയേര എന്നിവർക്കൊപ്പം സിദാനും ലക്‌ഷ്യം കണ്ടതോടെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം. വിജയം നേടി ക്വാർട്ടർ ഫൈനലിലെത്തിയ ഫ്രാൻസിനെവിടെ എതിരാളികൾ മറ്റാരുമായിരുന്നില്ല. എല്ലാ പ്രാവശ്യവും ലോകകപ്പ് നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ബ്രസീലായിരുന്നു. എന്നാൽ സിദാനെന്ന താരത്തിന്റെ മാന്ത്രികത ആരാധകർ കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.
Zinedine Zidane Vs Brazil, 2006 World Cup – All timer performance 🤩 pic.twitter.com/gRnTfnwCdw
— The Madrid Views (@TheMadridViews) May 13, 2022
ആ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായ റൊണാൾഡീന്യോ, റൊണാൾഡോ, അഡ്രിയാനോ, കഫു, കക്ക റോബർട്ടോ കാർലോസ് തുടങ്ങിയവരെല്ലാം ബ്രസീലിൽ ഉണ്ടായിരുന്നെങ്കിലും കളിയാരംഭിച്ചതിനു ശേഷം ഇവരെയെല്ലാം അക്ഷരാർത്ഥത്തിൽ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് സിദാൻ നടത്തിയത്. ആ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആ മത്സരത്തിൽ നടത്തിയ സിദാൻ മത്സരത്തിൽ പിറന്ന ഒരേയൊരു ഗോളിന് വഴിയൊരുക്കി. ആ ഗോളിന്റെ പിൻബലത്തിൽ ഫ്രാൻസ് സെമിയിലേക്ക് മുന്നേറുകയും ചെയ്‌തു.
സെമി ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയിസ് ഫിഗോയുമെല്ലാം അണിനിരന്ന പോർച്ചുഗൽ ആയിരുന്നു ഫ്രാൻസിന്റെ എതിരാളികൾ. ആ മത്സരത്തിന്റെ ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നേടിയ ഗോളിലാണ് ഫ്രാൻസ് വിജയം സ്വന്തമാക്കിയതും കലാശപ്പോരാട്ടത്തിൽ പ്രതിരോധ അടവുകളുമായി എത്തിയ ഇറ്റലിയെ നേരിടാനുള്ള ടിക്കറ്റ് നേടുന്നതും. ഫൈനലിൽ സിദാൻ കുറിച്ച പെനാൽറ്റിയിലൂടെ ഫ്രാൻസ് തുടക്കത്തിൽ തന്നെ മുന്നിൽ എത്തിയെങ്കിലും മാർകോ മറ്റരാസിയിലൂടെ ഇറ്റലി തിരിച്ചടിച്ചു.
ON THIS DAY IN 2006 ⏮
— Mirror Football (@MirrorFootball) July 9, 2022
Zinedine Zidane ended his professional football career in outrageous circumstances at the 2006 FIFA World Cup final
⚽️ Panenka to put France ahead
🔴 Sent off for headbutting Marco Materazzi in the chest pic.twitter.com/sFNXVSQt1g
മത്സരം അധികസമയത്തേക്ക് നീണ്ടപ്പോഴാണ് ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചകൾക്ക് വഴി വെച്ച സംഭവമുണ്ടായത്. മാർകോ മാറ്റരാസി നടത്തിയ പ്രകോപനപരമായ പരാമർശത്തിൽ നിയന്ത്രണം വിട്ട സിദാൻ ഇറ്റാലിയൻ താരത്തെ തല കൊണ്ട് ഇടിച്ചു വീഴ്ത്തുകയാണുണ്ടായത്. അതിന്റെ പേരിൽ സിദാൻ നേരിട്ട് ചുവപ്പുകാർഡ് വാങ്ങി പുറത്തു പോകുമ്പോൾ ഫ്രാൻസിന്റെ ലോകകപ്പ് പ്രതീക്ഷകൾ കൂടിയാണ് അവിടെ അവസാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിന് ഇറ്റലി വിജയിച്ച് കിരീടം അവർ സ്വന്തമാക്കി.
ഇറ്റലിയാണ് കിരീടം നേടിയതെങ്കിലും ആ ലോകകപ്പ് ഓർമിക്കപ്പെടുക സിദാന്റെ പേരിൽ തന്നെയാണ്. യാതൊരു സാധ്യതയും കൽപ്പിക്കാപ്പെടാതിരുന്നൊരു ടീമിനെ ഏറ്റവും മികച്ച രീതിയിൽ നയിച്ച താരം തന്റെ കാലുകളിലെ മാന്ത്രികതയെ കെട്ടഴിച്ചു വിട്ട ടൂർണമെന്റായിരുന്നു അത്. ഫൈനലിൽ എതിരാളിയുടെ പ്രകോപനത്തിൽ നിയന്ത്രണം വിട്ട് ഫ്രാൻസിന്റെ ലോകകപ്പ് സാധ്യത ദുർബലപ്പെടുത്തിയെങ്കിലും അതിന്റെ പേരിൽ ഒരാൾ പോലും സിദാനെ കുറ്റപ്പെടുത്തില്ല എന്നുറപ്പാണ്.