റയൽ മാഡ്രിഡ് വിട്ടതിനു ശേഷം പിന്നീടൊരു ടീമിനെയും സിനദിൻ സിദാൻ പരിശീലിപ്പിച്ചിട്ടില്ല. നിരവധി ക്ലബുകൾ ശ്രമം നടത്തിയെങ്കിലും 2022 ലോകകപ്പിന് ശേഷം ഫ്രാൻസ് ടീമിന്റെ പരിശീലകനാവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. എന്നാൽ ലോകകപ്പിൽ ഫ്രാൻസ് ഫൈനൽ വരെ എത്തിയതോടെ സിദാനെ പരിഗണിക്കാതെ ദെഷാംപ്‌സിന് തന്നെ പുതിയ കരാർ നൽകുകയാണ് ഫ്രാൻസ് ചെയ്‌തത്.
ഫ്രാൻസിന്റെ പരിശീലകനാവാൻ കഴിയാതിരുന്ന സിദാൻ അടുത്ത സീസണിൽ പരിശീലകനായി തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു തവണയായി നാലര വർഷത്തോളം റയൽ മാഡ്രിഡ് പരിശീലകനായിരുന്ന അദ്ദേഹം മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ടു ലീഗ് കിരീടവുമടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ പലർക്കും താരത്തെ സ്വതമാകാൻ ആഗ്രഹവുമുണ്ട്.
🚨 Zinedine Zidane is ready to return to management and is targeting a post at his former club Juventus.
— Transfer News Live (@DeadlineDayLive) April 23, 2023
(Source: @RMCSport) pic.twitter.com/Eisex0GKW3
ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തിനു ശേഷം ക്ലബ് ഫുട്ബോളിലേക്ക് സിദാൻ തിരിച്ചു വരാൻ പോവുകയാണ്. ഏതു ക്ലബ്ബിലേക്ക് പോകണമെന്ന കാര്യത്തിൽ തീരുമാനമെടുത്ത ഫ്രഞ്ച് ഇതിഹാസം തന്റെ മുൻ ക്ലബുകളിൽ ഒന്നായ യുവന്റസിലേക്കാണ് ചേക്കേറുകയെന്നാണ് പറയുന്നത്. പ്ലെയിങ് കരിയറിൽ 212 മത്സരങ്ങൾ ഇറ്റാലിയൻ ക്ലബിന് വേണ്ടി കളിച്ച് രണ്ടു സീരി എ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് സിദാൻ.
ദീർഘകാലം നീണ്ടു നിൽക്കുന്ന പ്രൊജക്റ്റുകളുടെ ഭാഗമാവാനാണ് സിദാനു താൽപര്യം. ചെൽസി, പിഎസ്‌ജി തുടങ്ങിയ ക്ലബുകളാണ് സിദാന് വേണ്ടി രംഗത്തുണ്ടായിരുന്നത്. എന്നാൽ ഇംഗ്ലീഷ് ക്ലബുകളെ പരിശീലിപ്പിക്കുന്ന കാര്യം നിലവിൽ സിദാന്റെ മുന്നിലില്ല. അതേസമയം താൻ മുൻപ് കളിച്ച ക്ലബെന്നത് യുവന്റസിന് പ്രാധാന്യം നൽകുന്നതിന് കാരണമായി.
ഈ സീസണിൽ പോയിന്റ് വെട്ടിക്കുറക്കപ്പെട്ടെങ്കിലും അതിനെതിരെ അപ്പീൽ പോയി വിജയിച്ച യുവന്റസിപ്പോൾ ലീഗിൽ മൂന്നാം സ്ഥാനത്താണ്. യൂറോപ്പ ലീഗിലും ടീമിന് കിരീടപ്രതീക്ഷ നിലനിൽക്കുന്നു. അതുകൊണ്ടു തന്നെ ഈ സീസൺ കഴിഞ്ഞതിനു ശേഷമാകും അല്ലെഗ്രിയെ ഒഴിവാക്കണോയെന്ന കാര്യത്തിൽ യുവന്റസ് അവസാന തീരുമാനം എടുക്കുകയുണ്ടാകൂ.
Zinedine Zidane Decided His Next Club