ഖത്തർ ലോകകപ്പിൽ ലയണൽ മെസി കിരീടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചെങ്കിലും അതിനു ശേഷം അർജന്റീന ടീമിലെ താരങ്ങൾ നടത്തിയ ആഘോഷങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ലയണൽ മെസിയൊഴികെ അർജന്റീനയിലെ മറ്റു താരങ്ങളോടൊന്നും തനിക്കൊരു ബഹുമാനവുമില്ലെന്നും താരം പറഞ്ഞു. ഫൈനലിൽ തോൽവി നേരിട്ട എംബാപ്പെ ഇനിയൊരു ലോകകപ്പ് നേടുമെങ്കിലും അർജന്റീന താരങ്ങൾ ഇനി കിരീടം നേടില്ലെന്നാണ് സ്ലാട്ടൻ തുറന്നടിച്ചത്.
“അർജന്റീന ഉറപ്പായും ലോകകപ്പ് നേടുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഖത്തർ ലോകകപ്പ് ഇനി വരാൻ പോകുന്ന ചരിത്രത്തിൽ എങ്ങിനെയായിരിക്കും എല്ലാവരും ഓർമിക്കാൻ പോകുന്നത്? ആരാണ് കിരീടം നേടിയത്? അർജന്റീന നായകൻ മെസി. എംബാപ്പയല്ല. ലയണൽ മെസിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്നത്.” ഫ്രാൻസ് ഇന്ററിനോട് സംസാരിക്കുമ്പോൾ മുൻ പിഎസ്ജി താരം കൂടിയായ സ്ലാട്ടൻ പറഞ്ഞു.
“എംബാപ്പയെ ആലോചിക്കുമ്പോൾ എനിക്ക് വിഷമമുണ്ട്. പെനാൽറ്റി ഷൂട്ടൗട്ടിലെ കിക്ക് ഉൾപ്പെടെ ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും ലോകകപ്പ് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വാളരെയധികം വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോൾ തന്നെ ഒരു ലോകകപ്പ് നേടിയ താരം ഇനിയുമൊരെണ്ണം നേടുമെന്നതിൽ യാതൊരു സംശയവുമില്ല. ഞാൻ എംബാപ്പയെക്കുറിച്ചാലോചിച്ച് ആശങ്കപ്പെടുന്നില്ല. അർജന്റീനയിലെ മറ്റു താരങ്ങളെക്കുറിച്ച് ആലോചിച്ചാണ് എനിക്ക് ആശങ്ക.”
Zlatan Ibrahimovic on Argentina winning the World Cup. pic.twitter.com/EhvVyuF1Fz
— Frank Khalid OBE (@FrankKhalidUK) January 25, 2023
“അവരിനി മറ്റൊന്നും നേടാൻ പോകുന്നില്ല. മെസി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയതു കൊണ്ട് ഓർമ്മിക്കപ്പെടും. പക്ഷെ മറ്റുള്ളവർ, വളരെ മോശമായാണ് പ്രതികരിച്ചത്, അതിനെ മതിക്കാൻ കഴിയില്ല. ടോപ് ലെവലിൽ കളിച്ചിരുന്ന ഫുട്ബോൾ താരമെന്ന നിലയിലാണ് ഞാനിത് പറയുന്നത്. എന്നെ സംബന്ധിച്ച് അവർ ഒരിക്കൽ വിജയിക്കും, പക്ഷെ ഇനിയൊരിക്കലും വിജയിക്കില്ലെന്നതിന്റെ അടയാളമാണിത്. കാരണം ഇതുപോലെ വിജയിക്കാൻ കഴിയില്ല.”