യൂറോപ്യൻ ടൂർണമെന്റുകളായ യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയുടെ സെമി ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ യൂറോപ്പ ലീഗ് ഫൈനലിൽ സെവിയ്യയും റോമയുമാണ് കിരീടത്തിനായി പോരാടുന്നത്. കോൺഫറൻസ് ലീഗ് കിരീടത്തിനായി ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീന, പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ് ഹാം എന്നിവരും നേർക്കുനേർ വരും.
ഈ മൂന്നു ഫൈനലുകളിലും ഇറ്റാലിയൻ ക്ലബുകൾ ഉണ്ടെന്നതിനു പുറമെ ഈ മൂന്നു ഫൈനലുകളിലും കളിക്കുന്ന ടീമുകളിലെ അർജന്റീന താരങ്ങളുടെ സാന്നിധ്യവും ചർച്ചയായി മാറുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ അർജന്റീന താരങ്ങളുള്ള ടീമുകൾക്ക് യൂറോപ്പിൽ വിജയിക്കാനാവില്ലെന്ന പരിഹാസം പലരും നടത്തിയപ്പോൾ അതിനു മറുപടി നൽകിയാണ് ഇത്തവണത്തെ യൂറോപ്യൻ ടൂർണമെന്റ് ഫൈനലുകൾ. പന്ത്രണ്ട് അർജന്റീന താരങ്ങളാണ് ആറു ടീമുകളിലായി കളിക്കാനിറങ്ങുന്നത്.
There will be 12 ARGENTINES in the European finals! 🏆🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 18, 2023
UCL: Inter (Lautaro, Correa) – Man City (Julián)
UEL: Roma (Dybala) – Sevilla (Acuña, Montiel, Papu, Lamela, Ocampos)
ECL: West Ham (Lanzini) – Fiorentina (Nico González, M.Quarta)
😳🔥 pic.twitter.com/8b1p6aEtN6
മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ എന്നീ ടീമുകളിൽ അർജന്റീനയുടെ പ്രധാന സ്ട്രൈക്കർമാരായ ജൂലിയൻ അൽവാരസ്, ലൗടാരോ മാർട്ടിനസ് എന്നിവരാണ് കളിക്കുന്നത്. ഈ രണ്ടു താരങ്ങളും സെമി ഫൈനലിൽ ഗോൾ നേടിയിരുന്നു. ലൗടാരോക്ക് പുറമെ ജൊവാക്വിൻ കൊറേയയും ഇന്റർ മിലാൻ ടീമിലുണ്ട്. റോമയിൽ ലോകകപ്പ് വിജയം നേടിയ ഡിബാല കളിക്കുമ്പോൾ എതിരാളികളായ സെവിയ്യ ടീമിലാണ് ഏറ്റവുമധികം അർജന്റീന താരങ്ങളുള്ളത്.
ലോകകപ്പ് ടീമിലുണ്ടായിരുന്ന പപ്പു ഗോമസ്, ഗോൺസാലോ മോണ്ടിയാൽ, മാർക്കോസ് അക്യൂന എന്നീ താരങ്ങൾക്ക് പുറമെ എറിക് ലമേല, ലൂക്കാസ് ഒകാമ്പോസ് എന്നിവരും സെവിയ്യയിലെ അർജന്റീന താരങ്ങളാണ്. സെമിയിൽ ചുവപ്പുകാർഡ് നേടിയതിനെ തുടർന്ന് അക്യൂന ഫൈനലിൽ കളിക്കാൻ സാധ്യതയില്ല. കോൺഫറൻസ് ലീഗ് ഫൈനലിൽ എത്തിയ വെസ്റ്റ്ഹാമിൽ ലാൻസിനി കളിക്കുമ്പോൾ എതിരാളികളായ ഫിയോറെന്റീനയിൽ നിക്കോ ഗോൺസാലസ്, ലൂക്കാസ് മാർട്ടിനസ് ക്വാർട്ട എന്നിവരുമുണ്ട്.
ഈ താരങ്ങളിൽ ലോകകപ്പ് ടീമിൽ ഇല്ലാതിരുന്നത് ജൊവാക്വിൻ കൊറേയ, ലാമെല, ഒകമ്പോസ്, ലാൻസിനി, ഗോൺസാലസ്, ക്വാർട്ട എന്നീ താരങ്ങളാണ്. ഇവരല്ലാതെ ആര് കിരീടം നേടിയാലും ലോകകപ്പിന് ശേഷം യൂറോപ്യൻ കിരീടമെന്ന നേട്ടം സ്വന്തമാക്കാൻ കഴിയും. എന്തായാലും അർജന്റീന താരങ്ങളെ വിമർശിച്ചവർക്ക് വലിയ തിരിച്ചടിയാണ് യൂറോപ്യൻ ഫൈനലുകൾ നൽകിയിരിക്കുന്നത്.
12 Argentina Players To Play In Three European Finals This Season