അവസാനമത്സരം കളിക്കാൻ സുനിൽ ഛേത്രി, സന്ദേശവുമായി റയൽ മാഡ്രിഡ് ഇതിഹാസം ലൂക്ക മോഡ്രിച്ച് | Sunil Chhetri

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരങ്ങളിൽ ഒരാളും ടീമിന്റെ നായകനുമായ സുനിൽ ഛേത്രി ഇന്ന് രാത്രി ദേശീയ ടീമിനായി തന്റെ അവസാനത്തെ മത്സരം കളിക്കുകയാണ്. ഇന്ത്യയും കുവൈറ്റും തമ്മിൽ ഇന്ന് രാത്രി ഏഴു മണിക്ക് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ ഇന്ത്യക്കൊപ്പമുള്ള തന്റെ കരിയറിന് തിരശീലയിടാൻ സുനിൽ ഛേത്രി തീരുമാനിച്ചു കഴിഞ്ഞു.

അന്താരാഷ്‌ട്ര ഫുട്ബോളിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയവരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന താരമാണ് സുനിൽ ഛേത്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഇതിഹാസത്തിനു സന്ദേശവുമായി എത്തിയിരിക്കുന്നത് റയൽ മാഡ്രിഡ് ഇതിഹാസം ലൂക്ക മോഡ്രിച്ചാണ്.

“ദേശീയടീമിനൊപ്പമുള്ള നിങ്ങളുടെ അവസാനത്തെ മത്സരത്തിന് എല്ലാ രീതിയിലും ഞാൻ ആശംസ നേരുന്നു. നിങ്ങൾ ഈ ഗെയിമിൽ ഒരു ഇതിഹാസതാരമാണ്, അതുകൊണ്ടു തന്നെ ഞാൻ നിങ്ങളുടെ കരിയറിന് ആശംസ നേരുന്നു. നിങ്ങളുടെ സഹതാരങ്ങൾ അവസാനത്തെ മത്സരം അവിസ്മരണീയമാക്കുമെന്ന് കരുതുന്നു. ക്രൊയേഷ്യയിൽ നിന്നും നിങ്ങൾക്ക് ഭാഗ്യവും അഭിനന്ദനങ്ങളും നേരുന്നു.” മോഡ്രിച്ച് പറഞ്ഞു.

വീഡിയോ സന്ദേശത്തിലൂടെയാണ് ക്രൊയേഷ്യൻ ടീമിന്റെ നായകനായ മോഡ്രിച്ച് സുനിൽ ഛേത്രിക്ക് സന്ദേശം നൽകിയത്. ആറു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ, ലോകകപ്പിന്റെ ഫൈനലിലേക്ക് തന്റെ ടീമിനെ നയിച്ച, ഒരിക്കൽ ബാലൺ ഡി ഓർ ജേതാവായ ഒരു താരത്തിൽ നിന്നും ലഭിച്ച ഈ സന്ദേശം സുനിൽ ഛേത്രിക്ക് അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല.

ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളിൽ കളത്തിലിറങ്ങിയ സുനിൽ ഛേത്രി 94 ഗോളുകൾ നേടിയിട്ടുണ്ട്. നൂറു ഗോളുകൾ ദേശീയടീമിനായി സ്വന്തമാക്കുകയെന്ന നേട്ടത്തിനരികെ വെച്ചാണ് സുനിൽ ഛേത്രി കരിയറിന് അവസാനം കുറിക്കുന്നത്. പുതിയ താരങ്ങൾക്ക് ദേശീയ ടീമിലേക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചത്.

Sunil Chhetri Got Message From Luka Modric