ഇതിനേക്കാൾ ഭേദം ഐഎസ്എൽ റഫറിമാർ തന്നെ, ഇന്ത്യയുടെ മോഹങ്ങൾ തകർത്ത തീരുമാനവുമായി റഫറി
ലോകകപ്പ് യോഗ്യത റൗണ്ടിലെ മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യ ഇന്നലെ ഖത്തറിനെതിരെ ഇറങ്ങിയത്. ഖത്തറിനെ സംബന്ധിച്ച് അപ്രധാനമായ മത്സരമായതിനാൽ തന്നെ അവരുടെ പ്രധാനപ്പെട്ട താരങ്ങൾ ഇല്ലായിരുന്നു. ഈ അവസരം മുതലെടുത്ത് മത്സരത്തിൽ വിജയിക്കാൻ വേണ്ടി ആവേശകരമായ പോരാട്ടം തന്നെയാണ് ഇന്ത്യ നടത്തിയത്.
ഇന്ത്യയുടെ കഠിനാധ്വാനത്തിനു ഫലം നൽകി ടീം മുന്നിലെത്തുകയും ചെയ്തു. മുപ്പത്തിയേഴാം മിനുട്ടിൽ ചാങ്തെയാണ് ഇന്ത്യയുടെ ഗോൾ കണ്ടെത്തിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി മൂന്നാം ഘട്ടത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷകൾ വർധിച്ചുവെങ്കിലും രണ്ടാം പകുതിയിൽ റഫറിയുടെ തെറ്റായ തീരുമാനം മത്സരത്തിന്റെ ഗതിയെത്തന്നെ മാറ്റി മറിക്കുകയായിരുന്നു.
Dear @FIFAcom,
Qatar robbed India's spot for FIFA World Cup by cheating openly
It's clearly visible that ball has crossed the line for a goal-kick, but the nasty Qataris pull it back to tuck in.
It's not a legal Goal.
We want a Rematch with Cheaterspic.twitter.com/1z602owj5F
— Sunanda Roy 👑 (@SaffronSunanda) June 11, 2024
എഴുപത്തിമൂന്നാം മിനുട്ടിൽ ഖത്തർ നേടിയ ആദ്യത്തെ ഗോൾ റഫറി അനുവദിച്ചത് തെറ്റായ തീരുമാനം ആയിരുന്നു. ഖത്തർ താരത്തിന്റെ ഗോൾശ്രമം ഗുർപ്രീത് തടുത്തിടാൻ ശ്രമിച്ചപ്പോൾ ഊർന്നു പോയ പന്ത് ഔട്ട്ലൈൻ കടന്നിരുന്നു. അവിടെ നിന്നും പന്തെടുത്ത് നൽകിയ പാസിലാണ് ഖത്തർ താരം യൂസഫ് അയ്മൻ ടീമിനായി ആദ്യത്ത ഗോൾ കണ്ടെത്തിയത്.
ആ തീരുമാനത്തിനെതിരെ ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും ലൈൻ റഫറിയും മെയിൻ റഫറിയും അതിൽ തന്നെ ഉറച്ചു നിന്നു. 2022 ലോകകപ്പ് നടന്ന രാജ്യമായ ഖത്തറിൽ നടന്ന മത്സരത്തിൽ തീരുമാനം പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. തെറ്റായ തീരുമാനത്തിൽ വഴങ്ങിയ ഗോളിന് ശേഷം ആത്മവിശ്വാസം നഷ്ടമായ ഇന്ത്യ മറ്റൊരു ഗോൾ കൂടി വഴങ്ങി തോൽവിയേറ്റു വാങ്ങി.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തു നിന്നിരുന്ന ഇന്ത്യ തോൽവി വഴങ്ങിയതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. അഫ്ഗാനിസ്ഥാനെതിരെ വിജയം നേടിയ കുവൈറ്റ് രണ്ടാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തിൽ ആദ്യമായി മൂന്നാം ഘട്ടത്തിലേക്ക് മുന്നേറാനുള്ള അവസരമാണ് റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ ഇല്ലാതായത്.