ലൂണയുടെ ആവശ്യത്തിനു മുന്നിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വഴങ്ങി, യുറുഗ്വായ് താരം ഇനിയും കൊമ്പന്മാർക്കൊപ്പം തുടരും | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരമായ അഡ്രിയാൻ ലൂണയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് അവസാനമാകുന്നു. ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപാട് ആശ്വാസം നൽകുന്നതാണ്.

അഡ്രിയാൻ ലൂണക്ക് ഈ സീസൺ അവസാനിക്കുന്നത് വരെയാണ് കരാറുണ്ടായിരുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ കടന്നതോടെ അത് സ്വയം ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടി കരാറിൽ ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് മേൽപ്പറഞ്ഞ കരാർ ഓഫർ ചെയ്‌തെങ്കിലും അത് അഡ്രിയാൻ ലൂണക്ക് സ്വീകാര്യമായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഡ്രിയാൻ ലൂണയെ സംബന്ധിച്ച് ചെറിയ കാലയളവിലേക്കുള്ള കരാർ സ്വീകരിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല. പകരം ദീർഘകാലത്തേക്കുള്ള കരാർ ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവെക്കാനായിരുന്നു താൽപര്യം. അതിനിടയിലാണ് ഐഎസ്എല്ലിലെ വമ്പൻ ക്ലബുകളായ എഫ്‌സി ഗോവ, മുംബൈ സിറ്റി എന്നിവർ താരത്തിന് ദീർഘകാലത്തേക്കുള്ള കരാർ ഓഫർ ചെയ്‌തത്‌.

ഈ ക്ലബുകൾ ലൂണക്കായി രംഗത്തു വന്നതോടെ താരം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു. അതോടെ ആരാധകർ ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആരംഭിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം സമ്മർദ്ദത്തിലായി. അതിനു പിന്നാലെയാണ് അവർ ലൂണ ആവശ്യപ്പെട്ട പ്രകാരം ദീർഘകാല കരാർ നൽകിയത്. താരം ആ കരാർ സ്വീകരിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഡ്രിയാൻ ലൂണ ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവുമധികം അവസരങ്ങൾ ഉണ്ടാക്കുന്ന കളിക്കാരനാണ്. കഴിഞ്ഞ സീസണിൽ താരത്തിന്റെ പരിക്ക് ടീമിനെ വളരെയധികം ബാധിച്ചിരുന്നു. പുതിയ പരിശീലകന് കീഴിൽ പുതിയൊരു സീസണിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ അതിനെ മുന്നിൽ നിന്ന് നയിക്കാൻ ലൂണായും ഉണ്ടാകുമെന്നത് ആരാധകർക്ക് ആശ്വാസമാണ്.

Adrian Luna Accepted Kerala Blasters Offer

Adrian LunaISLKBFCKerala Blasters
Comments (0)
Add Comment