കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന വാർത്തയുമായി ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വിശ്വസ്തനായ ട്രാൻസ്ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ. അഡ്രിയാൻ ലൂണയുടെ കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കുമോ, ഇല്ലയോ എന്നതിനെ സംബന്ധിച്ചുള്ള ആശങ്കകളെല്ലാം അവസാനിപ്പിച്ച് യുറുഗ്വായ് താരം അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സീസണോടെ അഡ്രിയാൻ ലൂണയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ അവസാനിക്കുകയാണ്. ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്ത് ഇനി തുടരില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് അഡ്രിയാൻ ലൂണ തുടരുമോയെന്ന കാര്യത്തിൽ ആശങ്ക വർധിച്ചത്. എന്നാൽ അക്കാര്യത്തിൽ ഇനി പേടിക്കേണ്ട കാര്യമില്ലെന്നാണ് മാർക്കസ് മെർഗുലാവോ പറയുന്നത്.
🎖️💣 Kerala Blasters have triggered Luna's contract extension clause. 🇺🇾 @MarcusMergulhao #KBFC pic.twitter.com/Ay6LDKIc0q
— KBFC XTRA (@kbfcxtra) May 2, 2024
ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് മാർക്കസ് ഇക്കാര്യം വ്യക്തമാക്കിയത്. അഡ്രിയാൻ ലൂണ അവസാനമായി കരാർ ഒപ്പിടുമ്പോൾ അതിൽ ഒരു ഉടമ്പടി ബ്ലാസ്റ്റേഴ്സ് നേതൃത്വം വെച്ചിരുന്നു. 2023-24 സീസണിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് മുന്നേറിയാൽ ലൂണയുടെ കരാർ പുതുക്കാൻ കഴിയുമെന്നായിരുന്നു ഉടമ്പടി. അത് ക്ലബ് നേതൃത്വം ഉപയോഗിച്ചുവെന്നാണ് മാർക്കസ് വ്യക്തമാക്കിയത്.
ഈ ഉടമ്പടി പ്രകാരം അഡ്രിയാൻ ലൂണ ഒരു സീസണിൽ കൂടി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരും. മറ്റു ക്ലബുകൾക്ക് താരത്തെ ചേക്കേറാൻ ആഗ്രഹമുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നേതൃത്വത്തിന്റെ അനുമതിയില്ലാതെ ലൂണയെ തൊടാൻ അവർക്ക് കഴിയില്ല. മുപ്പത്തിരണ്ടുകാരനായ യുറുഗ്വായ് താരം ഇനിയും ടീമിനൊപ്പം ഉണ്ടാകുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
ഇക്കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായിരുന്ന ലൂണ ഗംഭീര പ്രകടനം നടത്തിയെങ്കിലും ഡിസംബറിൽ പരിക്ക് പറ്റിയത് തിരിച്ചടിയായി. ലൂണയടക്കമുള്ള താരങ്ങളുടെ പരിക്ക് തന്നെയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പുറകോട്ടടിപ്പിച്ചത്. പുതിയ പരിശീലകന് കീഴിൽ ലൂണക്കും ടീമിനും അടുത്ത സീസണിൽ കരുത്ത് കാണിക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Adrian Luna Contract Extension Clause Triggered By Kerala Blasters