ലയണൽ മെസി തഴഞ്ഞത് ചിന്തിക്കാൻ പോലും കഴിയാത്ത ഓഫർ, വെളിപ്പെടുത്തലുമായി അർജന്റൈൻ ജേർണലിസ്റ്റ് | Messi

പിഎസ്‌ജി കരാർ അവസാനിച്ചു ഫ്രീ ഏജന്റായ ലയണൽ മെസിക്കായി നിരവധി ക്ലബുകൾ ശ്രമം നടത്തിയിരുന്നു. താരം ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്. അതിനിടയിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ വമ്പൻ ഓഫറുമായി മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും താരം അതും വേണ്ടെന്നു വെച്ചാണ് അമേരിക്കയിൽ എത്തിയത്.

കഴിഞ്ഞ ദിവസം അർജന്റീനിയൻ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂൾ ലയണൽ മെസിക്ക് വേണ്ടി സൗദി അറേബ്യൻ ക്ലബ് നൽകിയ ഓഫറിന്റെ വിവരങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. റൊണാൾഡോക്കും എംബാപ്പക്കും വേണ്ടി സൗദി അറേബ്യയിൽ നിന്നും വന്ന ഓഫറുകളെക്കാൾ മുകളിലാണ് ലയണൽ മെസിക്ക് അൽ ഹിലാൽ വാഗ്‌ദാനം ചെയ്‌തത്‌. ആ ഓഫർ കണക്കിലെടുക്കുമ്പോൾ അതിന്റെ ഇരുപതിലൊന്ന് പ്രതിഫലം മാത്രമാണ് ഇപ്പൊൾ മെസിക്ക് ലഭിക്കുന്നത്.

“അൽ ഹിലാലിൽ നിന്നും ലയണൽ മെസിക്ക് വന്ന കൃത്യമായ ഓഫർ ഒരു വർഷത്തിൽ ഒരു ബില്യൺ (1000 മില്യൺ) ഡോളറായിരുന്നു. എന്നാൽ തന്റെ കുടുംബത്തിനും വളരെ ശാന്തമായൊരു അന്തരീക്ഷത്തിൽ ജീവിക്കുന്നതിനും വേണ്ടി ലയണൽ മെസി ആ ഓഫർ തള്ളിക്കളഞ്ഞു. ഇന്റർ മിയാമിയിൽ താരത്തിന് ലഭിക്കുന്നത് നാൽപതു മുതൽ അമ്പതു മില്യൺ ഡോളറാണ്. സ്‌പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെടുത്താതെയുള്ള പ്രതിഫലമാണിത്.” എഡ്യൂൾ പറഞ്ഞു.

നിലവിൽ ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം പ്രതിഫലമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇരുനൂറു മില്യൺ ഡോളറാണ് ലഭിക്കുന്നത്. ഇതിന്റെ അഞ്ചിരട്ടി പ്രതിഫലമാണ് സൗദി ക്ലബ് ലയണൽ മെസിക്ക് ഓഫർ നൽകിയത്. നിലവിൽ സൗദി അറേബ്യൻ ക്ലബുകൾ എംബാപ്പെക്ക് വേണ്ടിയും ശ്രമം നടത്തുന്നുണ്ട്. എന്നാൽ ലയണൽ മെസിക്ക് ഓഫർ ചെയ്‌തതിനേക്കാൾ കുറഞ്ഞ തുകയാണ് എംബാപ്പക്ക് ഓഫർ ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Al Hilal Offered One Billion Dollor To Messi

Al HilalGaston EdulLionel MessiSaudi Arabia
Comments (0)
Add Comment