ഒരു കൈപ്പത്തിയില്ലാത്ത സ്പാനിഷ് ഗോൾ മെഷീൻ, ഗോകുലം കേരളക്കായി മിന്നും പ്രകടനം തുടർന്ന് സാഞ്ചസ് | Alex Sanchez
സ്പാനിഷ് താരമായ അലക്സ് സാഞ്ചസ് പിറന്നു വീണതു തന്നെ ഒരു കൈപ്പത്തിയില്ലാതെയാണ്. എന്നാൽ ശാരീരികപരമായ ആ കുറവ് ഉയരങ്ങൾ കീഴടക്കുന്നതിൽ നിന്നും അദ്ദേഹത്തെ ഒരു തരത്തിലും പിന്തിരിപ്പിച്ചില്ല. പതിനാലു വർഷങ്ങൾക്കു മുൻപ് ഒരു കയ്യില്ലാതെ പ്രൊഫെഷണൽ ഫുട്ബോൾ കളിക്കുന്ന ആദ്യത്തെ താരമായ സാഞ്ചസ് സീസണിന്റെ തുടക്കത്തിലാണ് ഐ ലീഗ് ക്ലബായ ഗോകുലം കേരളയിലെത്തിയത്. ഒരു വർഷത്തെ കരാറിലാണ് മുപ്പത്തിനാലുകാരനായ താരം ഗോകുലത്തിലേക്ക് ചേക്കേറിയത്.
ഇപ്പോൾ ഗോകുലം കേരള ആരാധകർ മാത്രമല്ല, ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ മുഴുവൻ ശ്രദ്ധിക്കുന്ന രീതിയിലാണ് താരം ഐ ലീഗിൽ മിന്നും പ്രകടനം നടത്തുന്നത്. ഈ സീസണിൽ നാല് മത്സരങ്ങൾ കളിച്ച താരം ഇതുവരെ എട്ടു ഗോളുകളാണ് ഐ ലീഗിൽ ഗോകുലം കേരളക്കായി നേടിയിരിക്കുന്നത്. നിലവിൽ ഐ ലീഗിലെ ടോപ് സ്കോററായ താരത്തിന്റെ കരുത്തിൽ തന്നെയാണ് ഐ ലീഗിൽ കേരളത്തിന്റെ അഭിമാന ക്ലബായ ഗോകുലം കേരള കുതിച്ചു കൊണ്ടിരിക്കുന്നത്.
Álex Sánchez becomes the first specially abled player to score a hat-trick in India 🇪🇸👏🏻🫡 pic.twitter.com/GuDCvylBNu
— 90ndstoppage (@90ndstoppage) November 9, 2023
ഗോകുലം കേരളയിലേക്ക് ചേക്കേറിയതിനു പിന്നാലെ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ട താരം ഇന്റർ കാശിക്കെതിരായ ആദ്യത്തെ മത്സരത്തിൽ തന്നെ ഗോൾ നേടി വരവറിയിച്ചു. ഗോകുലം കേരള വിജയം നേടേണ്ടിയിരുന്ന ആ മത്സരം അവസാനമിനുട്ടിൽ ഗോൾകീപ്പർ വരുത്തിയ പിഴവിലാണ് സമനിലയിൽ കലാശിച്ചത്. അതിനു ശേഷം നെറോക്ക എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ താരം രാജസ്ഥാൻ യുണൈറ്റഡിനെതിരെ ഹാട്രിക്ക് കുറിച്ചു. ഇന്നലെ ട്രാവു എഫ്സിക്കെതിരെയും താരം രണ്ടു ഗോളുകൾ നേടി.
Gokulam Kerala FC –2️⃣
TRAU FC –0️⃣Alex Sanchez ⚽ – 1'
Alex Sanchez ⚽ – 16'Full Time✅ pic.twitter.com/PdsLeYPDYN
— GKFC Ultra (@gkfcultra) November 13, 2023
വിനോദത്തിനായി മാത്രം സ്കൂളിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ച സാഞ്ചസിന്റെ കഴിവുകൾ കണ്ട പരിശീലകൻ സ്പാനിഷ് ക്ലബായ സരഗോസയുടെ സി ടീമിലേക്ക് താരത്തെ എത്തിച്ചു. അവിടെ നിന്നുമാണ് സാഞ്ചസിന്റെ കരിയർ വഴിമാറുന്നത്. വലൻസിയക്കെതിരായ ലാ ലിഗ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ സാഞ്ചസ് 2009ൽ ചരിത്രം കുറിച്ചു. അതിനു ശേഷം നിരവധി ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരം അവിടെയെല്ലാം മിന്നും പ്രകടനമാണ് നടത്തിയിട്ടുള്ളത്.
ഗോകുലം കേരളയെ സംബന്ധിച്ച് സാഞ്ചസിന്റെ വരവ് വലിയൊരു ഊർജ്ജമാണ് നൽകിയിട്ടുള്ളത്. ഐ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി അടുത്ത സീസണിൽ ഐഎസ്എല്ലിൽ കളിക്കുകയെന്ന ക്ലബ്ബിന്റെ പദ്ധതി വിജയത്തിലെത്തിക്കാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതും ഗോകുലം കേരള തന്നെയാണ്. അടുത്ത സീസണിൽ ഗോകുലം കേരള ഐഎസ്എല്ലിൽ കളിക്കുകയും കരാർ പുതുക്കി സാഞ്ചസ് തുടരുകയും ചെയ്താൽ താരം കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നതും തീർച്ചയാണ്.
Alex Sanchez Is In Stunning Form For Gokulam Kerala