അർജന്റീനയുടെ ഭാഗ്യതാരമാണ് ഏഞ്ചൽ ഡി മരിയ. അർജന്റീന ടീമിനൊപ്പ അണ്ടർ 20 ലോകകപ്പ്, ഒളിമ്പിക്സ് സ്വർണം, കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവ നേടിയ താരം ഇതിൽ അണ്ടർ 20 ലോകകപ്പ് ഒഴികെയുള്ളതിന്റെ ഫൈനൽ പോരാട്ടങ്ങളിൽ ഗോൾ നേടി വിജയത്തിൽ നിർണായക പങ്കു വഹിച്ച കളിക്കാരനാണ്. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ നിഷ്പ്രഭമാക്കിയ ഏഞ്ചൽ ഡി മരിയയെ ആ മത്സരം കണ്ട ആരാധകർ ആരും മറക്കാൻ സാധ്യതയില്ല.
അടുത്ത കോപ്പ അമേരിക്കയിൽ കൂടി കളിച്ചു ദേശീയ ടീമിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്ന ഏഞ്ചൽ ഡി മരിയ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്റെ മുൻ ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറിയിരുന്നു. മുപ്പത്തിയഞ്ചാം വയസിലും പ്രതിഭ നഷ്ടപ്പെട്ടിട്ടില്ലാത്ത താരം ബെൻഫിക്കക്ക് വേണ്ടി മികച്ച പ്രകടനമാണ് സീസണിൽ നടത്തുന്നത്. അതിനിടയിൽ പരിക്കേറ്റു കുറച്ചുകാലം പുറത്തിരുന്ന താരം അടുത്തിടെയാണ് തിരിച്ചെത്തിയത്. തിരിച്ചുവരവിൽ കഴിഞ്ഞ ദിവസം ഗംഭീര ഗോൾ നേടാനും താരത്തിനായി.
ÁNGEL DI MARÍA IS BACK WITH A FREE KICK GOAL 🫶⚽️
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 31, 2023
കഴിഞ്ഞ ദിവസം പോർച്ചുഗീസ് ലീഗ് കപ്പിൽ ബെൻഫിക്കക്ക് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയ ഏഞ്ചൽ ഡി മരിയ ആദ്യപകുതിയിലാണ് ടീമിനായി ഗോൾ നേടുന്നത്. താരം തന്നെ നടത്തിയ ഒരു മനോഹരമായ ഒരു മുന്നേറ്റത്തെ ബോക്സിന് പുറത്തു നിന്നും ഫൗൾ ചെയ്തപ്പോൾ റഫറി ഫ്രീകിക്ക് അനുവദിച്ചിരുന്നു. ആ ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ച് ഡി മരിയ ടീമിന് ലീഡ് നൽകി. ബ്രസീലിയൻ താരം ആർതർ കബ്രാൾ നേടിയ ഗോളിൽ ലീഡ് വർധിപ്പിച്ച് ബെൻഫിക്ക വിജയവും സ്വന്തമാക്കി.
Di Maria free kick goal vs Arouca
Arouca 0-1 Benfica HTpic.twitter.com/J7HS04kQzX
— Cristiano Oliveira (@10CO10) October 31, 2023
ഏഞ്ചൽ ഡി മരിയയുടെ തിരിച്ചുവരവും ഗോളും ബ്രസീലിനെ സംബന്ധിച്ച് ഒരു ആശങ്ക തന്നെയാണ്. 2021 കോപ്പ അമേരിക്ക ഫൈനലിൽ സ്വന്തം നാട്ടിൽ ബ്രസീലിനെ അർജന്റീന തകർത്തത് ഏഞ്ചൽ ഡി മരിയയുടെ ഗോളായിരുന്നു. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്റർനാഷണൽ ബ്രേക്ക് ആരംഭിക്കാനിരിക്കെ ബ്രസീലിനു നേരിടേണ്ട ടീമുകളിൽ ഒന്ന് അർജന്റീനയാണ്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ മോശം പ്രകടനം നടത്തിയ ബ്രസീലിനെ സംബന്ധിച്ച് ഈ മത്സരങ്ങൾ വളരെ നിർണായകമാണ്.
ഈ സീസണിൽ ബെൻഫിക്കക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് ഏഞ്ചൽ ഡി മരിയ നടത്തുന്നത്. പോർച്ചുഗീസ് ലീഗിൽ ഏഴു മത്സരം കളിച്ച താരം അഞ്ചു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീനക്കായും മികച്ച പ്രകടനമാണ് ഡി മരിയ നടത്തുന്നത്. രണ്ടു മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾക്ക് വഴിയൊരുക്കി. ഈ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീൽ, യുറുഗ്വായ് എന്നീ വമ്പന്മാരെയാണ് അർജന്റീന നേരിടേണ്ടത്.
Angel Di Maria Free Kick Goal For Benfica