ഒളിമ്പിക്സ് യോഗ്യതക്ക് വേണ്ടിയുള്ള അവസാനത്തെയും നിർണായകവുമായ പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി അർജന്റീന. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. മത്സരത്തിന്റെ എഴുപത്തിയേഴാം മിനുട്ടിൽ അർജന്റീനോ ജൂനിയേഴ്സ് താരമായ ലൂസിയാണോ ഗോണ്ടോയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.
മത്സരത്തിനായി ഇറങ്ങുമ്പോൾ ഫൈനൽ സ്റ്റേജ് ഗ്രൂപ്പിൽ ബ്രസീൽ രണ്ടാം സ്ഥാനത്തും അർജന്റീന മൂന്നാം സ്ഥാനത്തുമായിരുന്നു. അർജന്റീനക്ക് ഒളിമ്പിക്സിലേക്ക് മുന്നേറാൻ വിജയം ആവശ്യമായിരുന്നെങ്കിലും ബ്രസീലിനു ഒരു സമനിലയെങ്കിലും നേടിയാൽ മുന്നേറാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ ബ്രസീലിന്റെ മോഹങ്ങൾ അർജന്റീന എല്ലാ തരത്തിലും അവസാനിപ്പിക്കുകയായിരുന്നു.
🇦🇷Valentin Barco with an amazing assist to give Argentina the lead against Brazil! #BHAFC pic.twitter.com/w6CtKGdCMw
— Owen (@owen_bhafc) February 11, 2024
ആദ്യപകുതിയിൽ അർജന്റീനക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും ബ്രസീൽ പ്രതിരോധം അതിനെ തടഞ്ഞു. പതിനാറാം മിനുട്ടിൽ തിയാഗോ അൽമാഡയുടെ ഒരു ഷോട്ട് പോസ്റ്റിലടിച്ച് പുറത്തു പോയിരുന്നു. ബ്രസീൽ അറുപത്തിയൊന്നാം മിനുട്ടിൽ ഗോളിനടുത്ത് എത്തിയെങ്കിലും അർജന്റീന ഗോൾകീപ്പർ രക്ഷകനായി. സൂപ്പർതാരമായ എൻഡ്രിക്ക് മോശം പ്രകടനമാണ് മത്സരത്തിൽ നടത്തിയത്.
എഴുപത്തിയേഴാം മിനുട്ടിൽ ബാർകോയുടെ ക്രോസിൽ നിന്നാണ് ഗോണ്ടോ ഗോൾ നേടിയത്. അതിനു ശേഷം ബ്രസീൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അർജന്റീന പിടിച്ചു നിന്നു. മുൻ അർജന്റീന താരം മഷറാനോയാണ് ഒളിമ്പിക്സ് ടീമിന്റെ പരിശീലകൻ. ചിരവൈരികളായ ബ്രസീലിനെ തന്നെ കീഴടക്കി ടൂർണമെന്റിന് യോഗ്യത നേടാൻ കഴിഞ്ഞത് അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്.
അർജന്റീനയെ കൂടാതെ പാരഗ്വായാണ് സൗത്ത് അമേരിക്കയിൽ നിന്നും ഒളിമ്പിക്സിന് യോഗ്യത നേടിയത്. അതേസമയം അർജന്റീനയോട് വീണ്ടും കീഴടങ്ങിയത് ബ്രസീലിനു വലിയ നിരാശയാണ്. കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരം, അണ്ടർ 17 ലോകകപ്പ് എന്നിവയിലെല്ലാം അർജന്റീനയോട് ബ്രസീൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഇന്നലെ നടന്ന മത്സരത്തിലും അർജന്റീന വിജയം നേടിയത്.
Argentina Beat Brazil To Qualify For Olympics