ലോകകപ്പിനു ശേഷം ഇരട്ടി കരുത്തോടെ ഗോളടിച്ചു കൂട്ടുന്ന അർജന്റീന താരങ്ങൾ, ഡിബാലയുടെ ഗോളിൽ സെഞ്ചുറി തികച്ചു | Argentina

ലയണൽ സ്‌കലോണി അർജന്റീന ടീമിന്റെ പരിശീലകനായതിനു ശേഷം താരങ്ങൾ പുതിയൊരു ആത്മവിശ്വാസം നേടിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ അവിശ്വസനീയമായ തരത്തിൽ തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷം ഇരട്ടി കരുത്തോടെ ഓരോ മത്സരങ്ങളിലും വിജയം നേടി കിരീടം സ്വന്തമാക്കിയത് ഈ ആത്മവിശ്വാസം കൊണ്ടു തന്നെയാണ്.

അർജന്റീന ടീമിന്റെ ഈ ആത്മവിശ്വാസം ലോകകപ്പിനു ശേഷം അതുപോലെ തന്നെ താരങ്ങൾ നിലനിർത്തി പോകുന്നുണ്ടെന്നത് വ്യക്തമാണ്. ലോകകപ്പിന് ശേഷമുള്ള അർജന്റീന താരങ്ങളുടെ ഫോം ഇത് വ്യക്തമാക്കുന്നു. യൂറോപ്പിലെ പ്രധാന മൂന്നു ടൂർണമെന്റുകളിൽ എത്തിയ എല്ലാ ടീമിലും അർജന്റീന താരങ്ങളുണ്ട് എന്നതിനൊപ്പം കഴിഞ്ഞ ദിവസം ഡിബാല യൂറോപ്പ ലീഗ് ഫൈനലിൽ നേടിയ ഗോളോടെ മറ്റൊരു നേട്ടം കൂടി സ്വന്തമായിട്ടുണ്ട്.

ലോകകപ്പിനു ശേഷം അർജന്റീന സ്‌ക്വാഡിലുണ്ടായിരുന്ന താരങ്ങളെല്ലാം ചേർന്ന് നൂറു ഗോളുകളാണ് അടിച്ചു കൂട്ടിയിരിക്കുന്നത്. ഇതിന്റെ വിശദമായ കണക്കുകൾ എസ്‌സി ഇഎസ്‌പിഎൻ ആണ് റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്‌. ലോകകപ്പിൽ അർജന്റീനക്കായി ഏറ്റവുമധികം ഗോളുകൾ നേടിയത് ലയണൽ മെസിയാണെങ്കിലും അതിനു ശേഷം നേടിയ ഗോളുകളുടെ എണ്ണത്തിൽ മെസി രണ്ടാം സ്ഥാനത്തേക്ക് പോയിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ എത്തിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച ലൗടാരോ മാർട്ടിനസാണ്‌ ഇരുപതു ഗോളുകളോടെ മുന്നിൽ നിൽക്കുന്നത്. പതിമൂന്നു ഗോളുകൾ നേടിയ ലയണൽ മെസി രണ്ടാം സ്ഥാനത്തുണ്ട്. പത്ത് ഗോളുകൾ വീതം നേടിയ മാഞ്ചസ്റ്റർ സിറ്റി താരം ഹൂലിയൻ അൽവാരസ്, പാലൊ ഡിബാല എന്നിവരാണ് മൂന്നാമതുള്ളത്.

ഇരുപത്തിയാറു പേരുള്ള അർജന്റീന സ്‌ക്വാഡാണ് ലോകകപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ ഇരുപതു താരങ്ങളും അതിനു ശേഷം ഗോളുകൾ നേടിയിട്ടുണ്ട്. അർജന്റീന ടീമിലെ താരങ്ങൾ ലോകകപ്പിനു ശേഷം മികച്ച ഫോമിലാണെന്ന് ഇതു വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ടീമിന് ആത്മവിശ്വാസത്തോടെ അടുത്ത ടൂര്ണമെന്റുകൾക്ക് ഇറങ്ങാനുമാകും.

Argentina Players Scored 100 Goals After World Cup

2022 World CupArgentinaLautaro MartinezLionel Messi
Comments (0)
Add Comment