ഫിഫ അവാർഡ്‌സിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചേക്കും, റയൽ മാഡ്രിഡ് താരങ്ങൾ വിട്ടു നിൽക്കും

2023ലെ ഫിഫ ബെസ്റ്റ് അവാർഡ്‌സ് ഈ മാസം ഇരുപത്തിയേഴിനു പ്രഖ്യാപിക്കുകയാണ്. ഫ്രാൻസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ അർജന്റീനയുടെ താരങ്ങൾ ആധിപത്യം സ്ഥാപിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. മികച്ച താരം, മികച്ച പരിശീലകൻ, മികച്ച ഗോൾകീപ്പർ എന്നീ സ്ഥാനങ്ങളിലാണ് അർജന്റീന താരങ്ങൾ ഫിഫ ബെസ്റ്റ് അവാർഡ്‌സ് സ്വന്തമാക്കാനുള്ള സാധ്യതയുള്ളത്.

മികച്ച താരമായി ലയണൽ മെസിയും മികച്ച പരിശീലകനായി ലയണൽ സ്‌കലോണിയും മികച്ച ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനസും അവാർഡ് സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്നാണു സ്‌പാനിഷ്‌ മാധ്യമമായ റെലെവോ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ലയണൽ മെസിയും എമിലിയാനോ മാർട്ടിനസും ഗംഭീര പ്രകടനം നടത്തി ലോകകപ്പിലെ മികച്ച താരത്തിനും ഗോൾകീപ്പർക്കുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡ് ടീമിലെ കരിം ബെൻസിമ, കാർലോ ആൻസലോട്ടി, തിബോ ക്വാർട്ടുവ എന്നീ താരങ്ങൾ അർജന്റീന താരങ്ങൾക്ക് വെല്ലുവിളിയായി ഫിഫ ദി ബെസ്റ്റ് അവാർഡ്‌സിന്റെ പട്ടികയിലുണ്ട്. എന്നാൽ ഈ മൂന്നു താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനുള്ള സാധ്യതയില്ലെന്നാണ് റെലെവോ റിപ്പോർട്ടു ചെയ്‌തത്‌. അതുകൊണ്ടു തന്നെ അർജന്റീന താരങ്ങൾക്ക് അവാർഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ലയണൽ മെസി തന്റെ കരിയറിലെ ഏഴാമത്തെ ഫിഫ ബെസ്റ്റാണ് സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. അതേസമയം ലയണൽ സ്‌കലോണിയെയും എമിലിയാനോ മാർട്ടിനസിനെയും സംബന്ധിച്ച് ആദ്യത്തെ പുരസ്‌കാരമാണ്. പുരസ്‌കാരം നേടിയാൽ എമിലിയാനോ മാർട്ടിനസിനെ സംബന്ധിച്ച് അത് തനിക്ക് നേരെയുള്ള വിമർശകരുടെ വായടപ്പിക്കുന്ന സംഭവമായിരിക്കും. ചടങ്ങിൽ പങ്കെടുക്കുമെന്ന് എമിലിയാനോ മാർട്ടിനസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ArgentinaEmiliano MartinezFIFA Best AwardsLionel MessiLionel Scaloni
Comments (0)
Add Comment