അർജന്റീനക്കു വേണ്ടി കളിക്കാനിറങ്ങിയേ തീരൂ, തന്റെ ലക്‌ഷ്യം വ്യക്തമാക്കി ലയണൽ മെസി

കഴിഞ്ഞ മാസം അവസാനിച്ച കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന കിരീടം സ്വന്തമാക്കിയെങ്കിലും ലയണൽ മെസിയെ സംബന്ധിച്ച് അതത്ര മികച്ചതായിരുന്നില്ല. ടൂർണമെന്റിൽ പരിക്കുകൾ വേട്ടയാടിയ മെസിക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. ഫൈനലിലും പരിക്കേറ്റ താരത്തിന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളിക്കളത്തിൽ നിന്നു പിൻവാങ്ങേണ്ടിയും വന്നിരുന്നു.

അന്ന് പരിക്കേറ്റ താരത്തിന് കുറച്ചു കാലം പുറത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. തന്റെ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടി താരം കളിക്കാനിറങ്ങുന്നില്ല. അതേസമയം അർജന്റീന ടീമിന്റെ കാര്യത്തിൽ മെസിയുടെ നിലപാട് വേറെയാണ്. അർജന്റീനയുടെ മത്സരം ആകുമ്പോഴേക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് മെസിയിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ദേശീയടീമിന് വേണ്ടി കളിക്കുന്നതിനു മെസി വളരെയേറെ പരിഗണന നൽകുന്നു. സെപ്‌തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറങ്ങാൻ തന്നെയാണ് താരം ലക്‌ഷ്യം വെക്കുന്നത്. പരിക്കിൽ നിന്നും മോചിതനായിക്കൊണ്ടിരിക്കുന്ന താരം സെപ്‌തംബറിൽ കളിക്കാനിറങ്ങാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രമുഖ അർജന്റീനിയൻ ജേർണലിസ്റ്റായ ഗാസ്‌റ്റൻ എഡ്യൂളിന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി സെപ്‌തംബറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ ആകുമ്പോഴേക്കും പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുക തന്നെ ചെയ്യും. താരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെ കൃത്യമായാണ് മുന്നോട്ടു പോകുന്നതെന്നും ഒരു മാസം മുന്നിലുള്ളതിനാൽ അർജന്റീനക്ക് വേണ്ടി കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ലയണൽ മെസി വിരമിക്കാനുള്ള സാധ്യത പലരും പറഞ്ഞെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. അർജന്റീന ടീമിനൊപ്പം കളിക്കാൻ ഇഷ്‌ടപ്പെടുന്ന മെസി ഇനിയും അവർക്കൊപ്പം ഉണ്ടാകുമെന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഒരുപക്ഷെ അടുത്ത ലോകകപ്പ് കളിക്കാനും ലയണൽ മെസിയുണ്ടായേക്കും.

ArgentinaLionel Messi
Comments (0)
Add Comment