ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളെപ്പോലെയായിരുന്നു ഇന്ത്യയുടെ പോരാട്ടവീര്യം, മറികടക്കാൻ ബുദ്ധിമുട്ടിയെന്ന് ഓസ്‌ട്രേലിയൻ താരം | India

കഴിഞ്ഞ ദിവസം നടന്ന ഏഷ്യൻ കപ്പ് ടൂർണമെന്റിലെ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയുടെ തോൽവി വഴങ്ങുകയാണുണ്ടായത്. യൂറോപ്യൻ താരങ്ങൾ കളിക്കുന്ന ഓസ്‌ട്രേലിയക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷ ഇന്ത്യക്ക് ഉണ്ടായിരുന്നില്ല. അതേസമയം വളരെ കരുത്തരായ എതിരാളികൾക്കെതിരെ ടീം നടത്തിയ പ്രകടനം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയും പ്രശംസ നേടുകയും ചെയ്‌തു.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ പൂർണമായും പിടിച്ചു കെട്ടിയിരുന്നു. ഓസ്‌ട്രേലിയൻ മുന്നേറ്റങ്ങൾ ബോക്‌സിലേക്ക് നിരന്തരം ഉണ്ടായെങ്കിലും നന്നായി പ്രതിരോധിച്ച് ഇന്ത്യൻ ടീം അതിനെയെല്ലാം നിഷ്പ്രഭമാക്കി കളഞ്ഞു. മത്സരത്തിന് ശേഷം ആരാധകർ മാത്രമല്ല, എതിർടീമിന്റെ പരിശീലകനും ഓസ്‌ട്രേലിയക്കായി ഗോൾ നേടിയ താരവുമെല്ലാം ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ചു.

“ഇന്ത്യ വളരെ മികച്ച പ്രകടനമാണ് ഞങ്ങൾക്കെതിരെ നടത്തിയത്. അവർ കൃത്യമായി ഞങ്ങളെ പ്രതിരോധിച്ചു കൊണ്ടിരുന്നു, അതിന്റെ ക്രെഡിറ്റ് അവർ അർഹിക്കുന്നുണ്ട്. ഏഷ്യയിലെ ടോപ് ടീമുകളെപ്പോലെയാണ് അവർ ഞങ്ങളെ മത്സരത്തിൽ പരീക്ഷിച്ചത്. വലിയൊരു വെല്ലുവിളി ആയിരുന്നെങ്കിൽ പോലും ഞങ്ങൾക്കതിനെ കൈകാര്യം ചെയ്യാൻ സാധിച്ചു.” ഓസ്‌ട്രേലിയക്കായി ഗോൾ നേടിയ ജാക്‌സൺ ഇർവിൻ പറഞ്ഞു.

ഓസ്‌ട്രേലിയൻ പരിശീലകനായ ഗ്രഹാം അർണോൾഡും ഇന്ത്യയുടെ പ്രകടനത്തെ വളരെയധികം പ്രശംസിച്ചു രംഗത്തു വന്നിരുന്നു. ഒരുപാട് അവസരങ്ങൾ ഓസ്‌ട്രേലിയക്ക് ലഭിച്ചെങ്കിലും കൃത്യമായി പ്രതിരോധിച്ച് അവയെല്ലാം ഇല്ലാതാക്കിയ ഇന്ത്യ പ്രശംസ അർഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നല്ല മികച്ച രീതിയിൽ പരിശീലനം ലഭിച്ച ടീമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീമിലെ പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ഇന്ത്യ ഇത്രയും മികച്ച പ്രകടനം നടത്തിയത്. മധ്യനിര താരം ജീക്സൺ സിങ്, പ്രതിരോധതാരം അൻവർ അലി, ഫുൾ ബാക്കായ ആഷിക് കുരുണിയാൻ എന്നിവർ സ്‌ക്വാഡിൽ തന്നെ ഇടം പിടിച്ചിട്ടില്ല. മറ്റൊരു പ്രധാന താരമായ സഹൽ അടുത്ത മത്സരത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Australian Player And Coach Praise India

AFC Asian CupAustraliaIndiaIndian Football Team
Comments (0)
Add Comment