ഗോളുകൾ നേടുന്നതിനോടും വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കുന്നതിനോടും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുള്ള ആഗ്രഹം എല്ലാവർക്കും അറിയാവുന്നതാണ്. താരം തന്നെ അത് പലപ്പോഴും വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഗോളുകൾ നേടാൻ കഴിയാതിരിക്കുമ്പോഴും വ്യക്തിഗത നേട്ടങ്ങളിൽ പിറകിലായി പോകുമ്പോഴും വലിയ നിരാശ താരം പ്രകടിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്.
റൊണാൾഡോയുടെ ഈ സ്വഭാവത്തെക്കുറിച്ച് റയൽ മാഡ്രിഡിൽ സഹതാരമായിരുന്ന ഗാരെത് ബേൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി വർഷങ്ങൾ റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ച താരങ്ങളാണ് രണ്ടു പേരും. ക്ലബ് തലത്തിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ ഈ മുന്നേറ്റനിര സഖ്യത്തിന് കഴിയുകയും ചെയ്‌തിട്ടുണ്ട്.
Gareth Bale talking about Cristiano Ronaldo. pic.twitter.com/QHGY8vxvpa
— Frank Khalid OBE (@FrankKhalidUK) July 1, 2023
“റൊണാൾഡോ ഓക്കേ ആണെങ്കിലും ചില നിമിഷങ്ങളിൽ അത് മാറും. ഉദാഹരണത്തിനു ടീം അഞ്ചു ഗോളിന് വിജയിച്ച മത്സരത്തിൽ താരം ഗോൾ നേടിയില്ലെങ്കിൽ ഡ്രസിങ് റൂമിലെത്തി ദേഷ്യത്തോടെ ബൂട്ടുകൾ വലിച്ചെറിയാറുണ്ട്. റൊണാൾഡോ നല്ലൊരു വ്യക്തിയാണ്. ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു, വളരെ മികച്ച മനോഭാവവും താരത്തിനുണ്ട്.” ബേൽ പറയുകയുണ്ടായി.
റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷവും ബേൽ ക്ലബിനൊപ്പം ഉണ്ടായിരുന്നു. സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും നിരന്തരമായ പരിക്കുകളും മറ്റും ആക്രമിച്ച കരിയർ ആയതിനാൽ തന്നെ തന്റെ മികവ് മുഴുവൻ ക്ലബിനായി പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. റയൽ മാഡ്രിഡ് വിട്ടതിനു ശേഷവും കരിയർ ബാക്കിയുണ്ടായിരുന്നെങ്കിലും വിരമിക്കാനാണ് വെയിൽസ് താരം തീരുമാനിച്ചത്.
Bale About Cristiano Ronaldo Mentality At Real