ലയണൽ മെസി ടീം വിട്ടതിനു ശേഷം ടീമിനുള്ള പ്രധാന പോരായ്‌മ പുതിയ താരം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ ബാഴ്‌സലോണ

മുൻകാല നേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങൾ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ലയണൽ മെസിയെ ബാഴ്‌സക്ക് നഷ്‌ടമാകാൻ പ്രധാന കാരണമായത്. ക്ലബിന്റെ നായകനും ടീമിലെ പ്രധാന താരവുമായിരുന്ന ലയണൽ മെസിയെ നഷ്‌ടമായത് ബാഴ്‌സലോണയെ വളരെയധികം ബാധിക്കുകയും ചെയ്‌തു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിച്ചതിനു പുറമെ ലീഗിൽ ടോപ് ഫോർ ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ സാവി പരിശീലകനായി എത്തിയതും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വന്ന പുതിയ താരങ്ങളും ഇതിൽ മാറ്റങ്ങളുണ്ടാക്കി ബാഴ്‌സലോണയുടെ പ്രകടനം മെച്ചപ്പെടുത്തി.

ലയണൽ മെസി ടീം വിട്ടതിനു ശേഷമുള്ള ബാഴ്‌സലോണയിൽ നിന്നും ഇപ്പോഴത്തെ ടീം വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെങ്കിലും ഇപ്പോഴും അർജന്റീനിയൻ താരത്തിന്റെ അസാന്നിധ്യം ഓർമിപ്പിക്കപ്പെടുന്നത് ബാഴ്‌സലോണക്ക് അനുകൂലമായി ഫ്രീ കിക്കുകൾ ലഭിക്കുമ്പോഴാണ്. മെസി പോയതിനു ശേഷം ഇതുവരെ ബാഴ്‌സലോണ ഒരു ഗോൾ പോലും ഡയറക്റ്റ് ഫ്രീ കിക്കിൽ നിന്നും നേടിയിട്ടില്ല. ഏതു ഫ്രീകിക്കും ഗോളിലേക്കെത്തിക്കാൻ കഴിവുണ്ടായിരുന്നു ലയണൽ മെസിയുടെ അഭാവം നികത്താൻ കഴിയുന്ന ഒരു താരത്തെ ഇതുവരെയും ബാഴ്‌സലോണക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ചെൽസിയിൽ നിന്നും ടീമിലേക്കെത്തിയ മാർകോ അലോൻസോയിലൂടെ ബാഴ്‌സലോണ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് സാവി ഉൾപ്പെടെയുള്ളവർ കരുതുന്നത്. സെറ്റ് പീസുകളിൽ ലയണൽ മെസിയോളം നേട്ടം അവകാശപ്പെടാൻ കഴിയില്ലെങ്കിലും ഫ്രീകിക്കുകൾ ഗോളാക്കി മാറ്റാൻ സ്‌പാനിഷ്‌ താരത്തിന് കഴിയാറുണ്ട്. ചെൽസിയുടെ ഒന്നാം നമ്പർ ഫ്രീ കിക്ക് ടേക്കർ അല്ലാതിരുന്നിട്ടും അവർക്കു വേണ്ടി ഫ്രീ കിക്കുകളിൽ നിന്നും ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുള്ള താരം ലയണൽ മെസിക്കു ശേഷം ബാഴ്‌സലോണ ഇക്കാര്യത്തിൽ അനുഭവിക്കുന്ന ശൂന്യത നികത്തുമെന്നാണ് സാവി ഉറച്ചു വിശ്വസിക്കുന്നത്.

2021 മെയ് മാസത്തിൽ വലൻസിയക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസിയാണ് ബാഴ്‌സക്കു വേണ്ടി അവസാനമായി ഫ്രീ കിക്ക് ഗോൾ നേടുന്നത്. അതിനു ശേഷം മിറാലം പ്യാനിച്ച്, മെംഫിസ് ഡീപേയ്, ജോർഡി ആൽബ, ഡാനി ആൽവസ്, ഒസ്മാനെ ഡെംബലെ, അൻസു ഫാറ്റി, റോബർട്ട് ലെവൻഡോസ്‌കി തുടങ്ങിയ നിരവധി താരങ്ങൾ ക്ലബിനായി ഫ്രീ കിക്ക് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും അതിൽ നിന്നും ഗോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ സാവി വളരെയധികം വിശ്വാസം അർപ്പിക്കുന്ന, ബാഴ്‌സലോണയിലെത്തി ഏതാനും നാളുകളുടെ ഉള്ളിൽ തന്നെ ബയേണിനെതിരെ സ്റ്റാർട്ടിങ് ലൈനപ്പിൽ വന്ന അലോൺസോ ഈ കുറവ് പരിഹരിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

FC BarcelonaLionel MessiMarcos AlonsoXavi
Comments (0)
Add Comment