അടുത്തിടെ സമാപിച്ച അണ്ടർ 17 ലോകകപ്പിൽ അർജന്റീന സെമി ഫൈനലിൽ തന്നെ പുറത്തു പോയെങ്കിലും ടീമിലെ നിരവധി താരങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിൽ തന്നെ പ്രധാനിയാണ് റിവർപ്ലേറ്റ് താരമായ ക്ലൗഡിയോ എച്ചെവെരി. ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അതിമനോഹരമായ ഹാട്രിക്ക് നേടിയ താരത്തിന്റെ നീക്കങ്ങളും മറ്റും ലയണൽ മെസിയുടെ സാദൃശ്യമുള്ളതിനാൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി.
സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്പിലെ നിരവധി ക്ലബുകളുടെ നോട്ടപ്പുള്ളിയായി എച്ചെവെരിയെ സ്വന്തമാക്കാൻ ലയണൽ മെസിയെ വളർത്തിയെടുത്ത ബാഴ്‌സലോണ തന്നെ ശ്രമം തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്‌സലോണ പരിശീലകനായ സാവിക്ക് വരുന്ന ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ പതിനേഴു വയസുകാരനായ താരത്തെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് അർജന്റൈൻ മാധ്യമമായ ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Claudio Echeverri, possible next Barca signing. He just plays like Messi 🤯
pic.twitter.com/NBIZL620LD— Toyor (@toyor_pr) December 15, 2023
എച്ചെവെരിയെ സ്വന്തമാക്കുന്നതിനായി താരത്തിന്റെ റിലീസിംഗ് ക്ലോസിനെക്കാൾ ഉയർന്ന തുകയാണ് ബാഴ്‌സലോണ വാഗ്‌ദാനം ചെയ്യുന്നത്. പതിനേഴു വയസ് മാത്രമുള്ള താരത്തിനായി ഇരുപത്തിയഞ്ചു മില്യൺ യൂറോ നൽകാമെന്നാണ് ബാഴ്‌സലോണ നൽകുന്ന വാഗ്‌ദാനം. എന്നാൽ അത് ഒറ്റയടിക്ക് നൽകാൻ സാമ്പത്തിക പ്രതിസന്ധികൾ കാരണം ബാഴ്‌സലോണയ്ക്ക് കഴിയില്ല. തവണകളായി ഈ തുക നൽകാമെന്നാണ് ബാഴ്‌സലോണ അർജന്റൈൻ ക്ലബ്ബിനെ അറിയിച്ചിരിക്കുന്നത്.
❗️@GustavoYarroch confirms the info.
“Xavi Hernandez wants Claudio Echeverri and the possibility of him leaving for Barcelona is serious. They want to pay an amount higher than the clause but in installments.” 🇦🇷🔴🔵
The news are coming from Echeverri’s agent. pic.twitter.com/eDIrjJ2jFU
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 15, 2023
അണ്ടർ 17 ലോകകപ്പിന് മുൻപ് എച്ചെവെരിയോട് യൂറോപ്പിലെ ഏതു ക്ലബ്ബിലേക്ക് ചേക്കേറാനാണ് താൽപര്യമെന്ന് മാധ്യമങ്ങൾ ചോദിച്ചിരുന്നു. അതിനു താരത്തിന്റെ ഉത്തരം ബാഴ്‌സലോണ എന്നായിരുന്നു. ലയണൽ മെസിയുടെ വലിയ ആരാധകനാണ് താനെന്നും ബാഴ്‌സലോണയിൽ താരത്തിന്റെ കളികൾ സ്ഥിരമായി കാണാറുണ്ടെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ ട്രാൻസ്‌ഫറിൽ അർജന്റീന താരത്തിനും എതിർപ്പൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം.
അതേസമയം എച്ചെവെരിയെ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന യൂറോപ്പിലെ ക്ലബുകൾക്ക് വമ്പൻ തിരിച്ചടിയാണ് ബാഴ്‌സലോണയുടെ ഈ നീക്കം. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ബെൻഫിക്ക, ഇന്റർ മിലാൻ തുടങ്ങി നിരവധി ക്ലബുകൾ താരത്തിന് പിന്നാലെയുണ്ട്. ബാഴ്‌സ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നതു മാത്രമാണ് ഇവർക്ക് ആശ്വസിക്കാൻ വകനൽകുന്ന ഒരേയൊരു കാര്യം.
Barcelona Begin Talks To Sign Echeverri