ബാഴ്‌സലോണ-അർജന്റീന പോരാട്ടത്തിന് കളമൊരുങ്ങുന്നു, മെസി രണ്ടു ടീമിനു വേണ്ടിയും കളിക്കും | Messi

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായ ലയണൽ മെസി ബാഴ്‌സലോണ-അർജന്റീന ടീമുകൾക്ക് വേണ്ടി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ്. കരിയറിലെ ആദ്യത്തെ ഘട്ടത്തിൽ ബാഴ്‌സലോണക്കൊപ്പം അവിശ്വസനീയമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരത്തിന് പക്ഷെ ദേശീയ ടീമിനൊപ്പം നേട്ടങ്ങൾ അകന്നു നിന്നു. എന്നാൽ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന ഈ സമയത്ത് അർജന്റീന ടീമിനൊപ്പവും എല്ലാ നേട്ടങ്ങളും ലയണൽ മെസിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു.

ബാഴ്‌സലോണയും അർജന്റീനയും ലയണൽ മെസിക്ക് വളരെയധികം പ്രിയപ്പെട്ട ക്ലബുകളാണ്. എന്നാൽ ബാഴ്‌സലോണയിൽ നിന്നും ആഗ്രഹിച്ചതു പോലെയല്ല മെസിക്ക് വിടപറയേണ്ടി വന്നത്. സാമ്പത്തിക പ്രതിനസന്ധികളെ തുടർന്ന് അപ്രതീക്ഷിതമായാണ് ലയണൽ മെസി ബാഴ്‌സലോണ വിട്ടത്. പിന്നീട് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോൾ താരത്തിന് അർഹിച്ച ഒരു യാത്രയയപ്പ് നൽകാൻ ബാഴ്‌സലോണ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിക്ക് നൽകാവുന്നതിൽ ഏറ്റവും മികച്ച വിടവാങ്ങൽ നൽകാനാണ് ബാഴ്‌സലോണ ഒരുങ്ങുന്നത്. ഇതിനായി ബാഴ്‌സലോണയും അർജന്റീനയും തീമിൽ ഒരു സൗഹൃദ മത്സരം 2024ൽ നടത്താനുള്ള പദ്ധതിയുണ്ട്. ബാഴ്‌സലോണ ക്ലബ് രൂപീകൃതമായി 125 വർഷം തികയുന്ന വർഷം കൂടിയാണ് 2024. പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന പുതിയ ക്യാമ്പ് ന്യൂ മൈതാനത്തു വെച്ചായിരിക്കും മത്സരം നടക്കുക.

മത്സരത്തിൽ ലയണൽ മെസി തന്റെ എട്ടു ബാലൺ ഡി ഓർ പുരസ്‌കാരങ്ങളും ലോകകപ്പ് അടക്കം അർജന്റീനക്കൊപ്പം നേടിയ കിരീടങ്ങളും ബാഴ്‌സലോണക്കൊപ്പം സ്വന്തമാക്കിയ ട്രോഫികളും പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനു പുറമെ ആദ്യപകുതിയിൽ മെസി അർജന്റീന ടീമിന് വേണ്ടിയും രണ്ടാം പകുതിയിൽ ബാഴ്‌സലോണക്ക് വേണ്ടിയും കളിക്കും. ഇതിനു പുറമെ മറ്റു ചില ചടങ്ങുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ലയണൽ മെസിയെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും മനോഹരമായൊരു സ്വീകരണം തന്നെയായിരിക്കും ഈ മത്സരം. അതേസമയം ഇതുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ലയണൽ മെസിക്കും അർജന്റീന ടീമിനും ബാഴ്‌സലോണക്കും ഇക്കാര്യത്തിൽ എതിരഭിപ്രായമൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരം നടക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. മത്സരത്തിന്റെ തീയതി അടക്കമുള്ള കാര്യങ്ങളാണ് ഇനി തീരുമാനമാകാനുള്ളത്.

Barcelona Might Face Argentina For Messi Farewell

ArgentinaFC BarcelonaLionel Messi
Comments (0)
Add Comment