ഖത്തർ ലോകകപ്പിൽ വളരെയധികം പ്രതീക്ഷകളുമായി വന്ന നിരവധി ടീമുകൾക്കാണ് മോശം പ്രകടനം നടത്തി നേരത്തെ തിരിച്ചു പോകേണ്ടി വന്നത്. ജർമനി, ബെൽജിയം, പോർച്ചുഗൽ, ബ്രസീൽ, സ്പെയിൻ തുടങ്ങിയ ടീമുകളെല്ലാം അതിൽ ഉൾപ്പെടുന്നു. ഇതിൽ ജർമനി ഒഴികെയുള്ള ടീമുകളുടെ പരിശീലകർ സ്ഥാനം ഒഴിയുകയും ചെയ്‌തിരുന്നു. മികച്ച ടീമുണ്ടായിട്ടും ലോകകപ്പിൽ മുന്നേറ്റം സൃഷ്‌ടിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താലാണ് ഈ ടീമുകളുടെ പരിശീലകർ സ്ഥാനമൊഴിഞ്ഞത്.
ലോകകപ്പിനു ശേഷം പുതിയ പരിശീലകനെ തേടുന്ന ടീമുകളിലൊന്നാണ് ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീൽ. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നുണ്ടായിട്ടും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റു പുറത്താകേണ്ടി വന്നതിനെ തുടർന്ന് പരിശീലകൻ ടിറ്റെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് അവർ പുതിയ പരിശീലകനെ തേടുന്നത്. മുമ്പത്തേതിൽ നിന്നും വ്യത്യസ്‌തമായി ബ്രസീൽ ലയൂറോയാണ് പരിശീലകനെയാണ് ടീമിലെത്തിക്കാൻ നോക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
🇧🇷🛬 The Brazil FA have contacted José Mourinho’s entourage and are planning on sending an intermediary in order to convince him to become the new manager of Brazil, reports @repubblica. pic.twitter.com/HvFh5aevUW
— EuroFoot (@eurofootcom) December 23, 2022
ലാ റിപ്പബ്ലിക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ബ്രസീൽ നോട്ടമിടുന്ന പരിശീലകരിലൊരാൾ യൂറോപ്പിലെ ഇതിഹാസ പരിശീലകരിൽ ഒരാളായ ഹോസെ മൗറീന്യോയാണ്. യൂറോപ്യൻ ക്ലബുകൾക്കൊപ്പം ഐതിഹാസിക നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയെയാണ് പരിശീലിപ്പിക്കുന്നത്. മൗറീന്യോയുടെ ഏജന്റായ ജോർജ് മെൻഡസുമായി അദ്ദേഹത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ബ്രസീൽ ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
2017ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരിക്കുമ്പോൾ ബ്രസീൽ ടീമിനെ പരിശീലിപ്പിക്കുന്നത് തന്നെ ആവേശം കൊള്ളിക്കുന്ന കാര്യമാണെന്ന് മൗറീന്യോ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിനായി ശ്രമം നടത്തിയാൽ അതിൽ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷ ബ്രസീലിനുണ്ട്. ഈ സീസൺ റോമക്കൊപ്പം പൂർത്തിയാക്കിയതിനു ശേഷമായിരിക്കും മൗറീന്യോയെ ബ്രസീൽ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുക. മൗറീന്യോക്ക് പുറമെ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിയെയും ബ്രസീൽ പരിഗണിക്കുന്നുണ്ട്.
🚨 La Repubblica:
The Seleção are set to make contact with Jose Mourinho over the open management position.
Ednaldo Rodrigues, CBF’s president, will personally handle the discussions. pic.twitter.com/o1vn5xkQui
— Brasil Football 🇧🇷 (@BrasilEdition) December 23, 2022
അതേസമയം മൗറീന്യോക്കു വേണ്ടിയുള്ള ബ്രസീലിന്റെ ശ്രമങ്ങൾ പോർച്ചുഗലുമായുള്ള മത്സരത്തിന് വഴി തെളിക്കും. ഫെര്ണാണ്ടോ സാന്റോസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് പോർച്ചുഗൽ പകരക്കാരനായി പരിഗണിക്കുന്ന മാനേജർ മൗറീന്യോയാണ്. തന്റെ സ്വന്തം രാജ്യത്തെയും തനിക്ക് പരിശീലിപ്പിക്കാൻ ആഗ്രഹമുള്ള മികച്ച താരങ്ങളുള്ള ദേശീയ ടീമിനെയും ലഭിച്ചാൽ ആരെയാണ് മൗറീന്യോ തിരഞ്ഞെടുക്കുക എന്നത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കാര്യമാണ്.