അർജന്റീനയെ വെല്ലാനുള്ള ബ്രസീലിന്റെ മോഹങ്ങൾ തുടക്കത്തിലേ പാളുന്നു, റയൽ മാഡ്രിഡിൽ തുടരുമെന്ന് ആൻസലോട്ടി | Carlo Ancelotti

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതോടെ ഇരുപതു വർഷത്തിനു ശേഷമാണ് ഒരു ലാറ്റിനമേരിക്കൻ ടീം ലോകത്തിന്റെ നിറുകയിൽ നിൽക്കുന്നത്. 2002ൽ കിരീടം സ്വന്തമാക്കിയ ബ്രസീൽ പിന്നീട് ഓരോ തവണയും മികച്ച സ്ക്വാഡുമായി എത്തിയിട്ടും നടക്കാതിരുന്ന കാര്യമാണ് ശരാശരി പോരുന്ന ഒരു ടീമിനെ മാത്രം വെച്ച് അർജന്റീന നടത്തിയത്. ഇതോടെ അടുത്ത ലോകകപ്പ് നേടണമെന്ന ലക്ഷ്യവുമായാണ് ബ്രസീൽ മുന്നോട്ടു പോകുന്നത്.

അടുത്ത ലോകകപ്പ് നേടാനുള്ള പദ്ധതികളുടെ ഭാഗമായി യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകനെ നിയമിക്കുക എന്നതായിരുന്നു ബ്രസീലിന്റെ ആദ്യത്തെ ലക്‌ഷ്യം. റയൽ മാഡ്രിഡിൽ നിന്നും ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടിയെ ഈ സീസണിനു ശേഷം എത്തിക്കാമെന്ന ഉറച്ച വിശ്വാസവും അവർക്കുണ്ടായിരുന്നു. എന്നാൽ ആ മോഹങ്ങൾ നടക്കില്ലെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൻസലോട്ടി തന്നെ വ്യക്തമാക്കിയത്.

“ഞാൻ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസിനെ കണ്ടിരുന്നു, അദ്ദേഹം എന്നെ പിന്തുണയ്ക്കുന്നുണ്ട്, എന്നിൽ വളരെയധികം വിശ്വാസവും പെരസ് കാണിക്കുന്നു. ഞങ്ങൾ ഒരുമിച്ച് തുടരും. ഞാൻ ഇവിടെത്തന്നെ തുടരുമെന്ന് ക്ലബ് എനിക്ക് ഉറപ്പുനൽകി. ബ്രസീൽ? ഞാൻ ഇവിടെ കരാറിലാണെന്നും എനിക്ക് ഇവിടെത്തന്നെ തുടരാൻ ആഗ്രഹമുണ്ടെന്നും ലോകത്തിനു മുഴുവൻ അറിയാം.” കാർലോ ആൻസലോട്ടി പറഞ്ഞു.

ഈ സീസണിന് ശേഷം ആൻസലോട്ടി ബ്രസീലിന്റെ പരിശീലകനാകുമെന്ന് ഉറപ്പിച്ചു നിന്നിരുന്ന ഫെഡറേഷനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ വാർത്ത. ഇനി പുതിയ പരിശീലകനെ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ലീഗും ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്ത ആൻസലോട്ടിക്ക് ഈ സീസണിൽ കോപ്പ ഡെൽ റേ മാത്രമാണ് നേടാനായത്. ഇതോടെ അദ്ദേഹം റയൽ മാഡ്രിഡ് വിടുമെന്ന പ്രതീക്ഷ വന്നെങ്കിലും വിപരീതമാണ് സംഭവിച്ചത്.

Carlo Ancelotti Will Continue As Real Madrid Manager

BrazilCarlo AncelottiReal Madrid
Comments (0)
Add Comment